മത്സരങ്ങള്‍ 27, 28 തിയതികളില്‍: ജില്ലാ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്; 27ന് ട്രാക്കുണരും
മാനന്തവാടി: വിവിധ കാറ്റഗറികളിലായി 700ലധികം കായിക താരങ്ങള്‍ മാറ്റുരക്കുന്ന ജില്ലാ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ് 27ന് തുടങ്ങും.
സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 27, 28 തിയതികളില്‍ നടക്കുന്ന മത്സരത്തിന് മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ട് വേദിയാകും. ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ചാംപ്യന്‍ഷിപ്പ്.
ഓഗസ്റ്റ് 27ന് രാവിലെ 11 ന് ഒ.ആര് കേളു എം.എല്‍.എ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഒളിമ്പ്യന്‍ ഒ.പി ജയ്ഷ മുഖ്യാതിഥിയായിരിക്കും. 28ന് വൈകുന്നേരം മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മാനന്തവാടി മുന്‍സിപ്പല്‍ ചെയര്മാന് വി.ആര് പ്രവീജ് വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും. 14, 16,18, 20 വയസിനു താഴെ, 20 വയസിന് മുകളില്‍ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി വയനാട്ടിലെ 40 ക്ലബുകളില്‍ നിന്നായി 700ല്‍ പരം പുരുഷ വനിതാ കായികതാരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. സെപ്തംബര്‍ ഏഴു മുതല്‍ ഒന്‍പത് വരെ തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനും നവംബര്‍ 20 മുതല്‍ 26 വരെ വിശാഖപട്ടണത്ത് നടക്കുന്ന നാഷനല്‍ ഇന്റര്‍ ഡിസ്ട്രിക്ട് അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമുകളെ ഈ മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കും. മത്സരങ്ങള്‍ 27ന് രാവിലെ ഒന്‍പതരയ്ക്ക് ആരംഭിക്കും. വയനാട് അത്ലറ്റിക്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.പി ജോയ്, ജില്ലാ സെക്രട്ടറി കെ.വി ജോസഫ്, എക്സിക്യുട്ടീവ് അംഗങ്ങളായ എ.ഡി ജോണ്‍, പി.ജി ഗിരീഷ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."