നികുതി സ്വീകരിക്കാനുള്ള കോടതിവിധി നടപ്പിലാക്കിയില്ല
കല്‍പ്പറ്റ: ഹൈക്കോടതി വിധിയുണ്ടായിട്ടും വൈത്തിരി താലൂക്കിലെ ഏഴ് വില്ലേജുകളിലായി 700ഓളം കുടുംബങ്ങളില്‍ നിന്നും ഇനിയും നികുതി സ്വീകരിക്കാന്‍ തയ്യാറാകാത്തത് ഭരണാധികാരികളുടെ പിടിപ്പുകേടാണെന്ന് മുന്‍ എം.എല്‍.എ എന്‍.ഡി അപ്പച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ 50 വര്‍ഷമായി പ്രസ്തുത ഭൂമി കൈവശം വച്ച് വരുന്ന കര്‍ഷകരടക്കമുള്ളവര്‍ ഇന്ന് ദുരിതത്തിലാണ്. കാലങ്ങളായി കൈവശം വച്ച് വരുന്നുണ്ടെങ്കിലും കൈവശ സര്‍ട്ടിഫിക്കറ്റോ, പോക്കുവരവോ നടത്തിക്കൊടുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആദ്യം നികുതി സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നു. ഹാരിസണ്‍സ് മലയാളം കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നത് കൊണ്ട് ഒരു ഭൂമിക്കും നികുതി വാങ്ങരുതെന്ന നിര്‍ദേശമായിരുന്നു നികുതി സ്വീകരിക്കരുതെന്നുള്ളത്. പിന്നീട് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത ജനപ്രതിനിധികളുടെ യോഗത്തില്‍ പ്രസ്തുതവിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇത് പ്രകാരം വീണ്ടും നികുതി സ്വീകരിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഇത് നടപ്പാലാക്കാനായില്ല.
വയനാട്ടിലെ ലീഗല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡെസ്‌ക്കില്‍ ഒരു മാസമായി ഉത്തരവ് അനങ്ങാതെ കിടക്കുകയായിരുന്നു. പിന്നീട് ജില്ലാ കലക്ടറെ കാര്യം ധരിപ്പിച്ചപ്പോഴാണ് വീണ്ടും വിഷയത്തില്‍ അനക്കം വന്നത്. ഏറ്റവുമൊടുവില്‍ അഡ്വക്കറ്റ് ജനറലിന് നിയമോപദേശത്തിനായി കത്തയച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. 50 വര്‍ഷത്തോളമായി കൈവശം വെച്ച് അനുഭവിച്ച് വരുന്ന ഈ ഭൂമി ഹാരിസണ്‍സ് മലയാളവുമായി ബന്ധപ്പെട്ട ഭൂമിയല്ല.രാഷ്ട്രീയലക്ഷ്യം വെച്ച് ബാഹ്യഇടപെടലുകള്‍ നടത്തുന്നുണ്ട്. ഏത് രാഷ്ട്രീയപാര്‍ട്ടിക്കാരുമാവട്ടെ എല്ലാവരില്‍ നിന്നും നികുതി സ്വീകരിക്കാന്‍ തയ്യാറാകണമെന്നും, ഒരു കുടിയേറ്റ കര്‍ഷകനായതിനാല്‍ തന്നെ ഇത്തരം വിഷയങ്ങളില്‍ സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."