കോണ്‍ഗ്രസ് സ്‌നേഹ സംഗമം ഞായറാഴ്ച്ച
ചാവക്കാട് : കോണ്‍ഗ്രസ് കമ്മിറ്റി മമ്മിയൂരില്‍ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമം വിവിധ പരിപാടികളോടെ ഞായറാഴ്ച്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.മമ്മിയൂര്‍ പാലിയത്ത് അമ്മിണിയമ്മ നഗറില്‍ നടക്കുന്ന സംഗമത്തില്‍ കുടുംബ സദസ് , വിദ്യാഭ്യാസ അവാര്‍ഡ് ദാനം , ഓണകിറ്റ്, പുടവ വിതരണം, മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിക്കല്‍ , ആയുര്‍വേദ കിറ്റ് വിതരണം , ചികില്‍സ സഹായവിതരണം , കലാപരിപാടികള്‍ എന്നിവയാണ് സ്‌നേഹസംഗമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
എസ് എസ് എല്‍ സിക്ക് ഉയര്‍ന്ന ഗ്രേഡുനേടിയ മമ്മിയൂരിലെ വിദ്യാര്‍ഥിക്കുള്ള കെ കരുണാകരന്‍ സ്മാരക ഗോള്‍ഡ് മെഡല്‍ ചടങ്ങില്‍ സമ്മാനിക്കും .കേന്ദ്ര സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ചാക്കോ , ദുബായില്‍ ഏറ്റവും ശക്തരായ 100 മലയാളികളില്‍ ഒരാളായി തെരഞ്ഞെടുത്ത് കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ച ചാവക്കാട് സ്വദേശി കെ കെരണ്‍ജിത്ത് , കഴിഞ്ഞ പ്‌ളസ് ടു പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും നേടിയ മമ്മിയൂര്‍ എല്‍ എഫ് സ്‌കൂളിലെ റോസ് മുട്ടത്ത് തുടങ്ങിയവരെ ആദരിക്കും .രാവിലെ ഒന്‍പതരക്ക് കടുംബ സദസ് , കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ വി.ബലറാം ഉദ്ഘാടനം ചെയ്യും. പി.കെ അബൂബക്കര്‍ഹാജി ഓണപുടവ വിതരണവും , അഡ്വ ജോസഫ് ടാജറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിക്കലും , ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ വി വേണുഗോപാല്‍ ആയൂര്‍വേദകിറ്റ് വിതരണവും നിര്‍വഹിക്കും .ഉച്ചകഴിഞ്ഞ് നാലിന് സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ ടി.വി ചന്ദ്രമോഹന്‍ ഓണകിറ്റ് വിതരണവും, ഡി.സി.സി സെക്രട്ടററിമാരായ എം.വി ഹൈദരലി ചികില്‍സാ സഹായ വിതരണവും എ.എം അലാവുദീന്‍ സമ്മാനദാനവും നിര്‍വഹിക്കും. തുടര്‍ച്ചയായി മമ്മിയൂരില്‍ ചാവക്കാട് നഗരസഭ എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി 17 ാം വര്‍ഷമാണ് സ്‌നേഹസംഗമം സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പനയ്ക്കല്‍ വര്‍ഗീസ് , നഗരസഭ കൗണ്‍സിലര്‍ സൈസണ്‍ മാറോക്കി , വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ ബേബി ഫ്രാന്‍സീസ് , ജെയ്‌സണ്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."