അഴിമതിയാരോപണം: സാംസങ് മേധാവിക്ക് അഞ്ചുവര്‍ഷം തടവ്
സിയോള്‍: ദക്ഷിണ കൊറിയയെ പിടിച്ചുലച്ച അഴിമതിക്കേസില്‍ സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ പ്രമുഖരായ സാംസങ് ഗ്രൂപ്പിന്റെ മേധാവി ജെയ് വൈ ലീക്ക് അഞ്ചു വര്‍ഷം തടവ്. ദക്ഷിണ കൊറിയന്‍ കോടതിയുടേതാണ് വിധി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി മുതല്‍ തടവിലായിരുന്നു ഇയാള്‍.
ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ആരോപണ വിധേയയായ അഴിമതി കേസില്‍ സാംസങ് മേധാവിയായ ജെയ് വൈ ലീക്കും പങ്കുണ്ടെന്നാണ് ആരോപണം. സാംസങ് കമ്പനികള്‍ ലയിപ്പിക്കുന്ന ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അധികാരികള്‍ക്ക് കൈക്കൂലി നല്‍കിയെന്നും ആരോപണമുണ്ട്.
പ്രസിഡന്റിന്റെ ബാല്യകാല സഖിയായ ചോയി സൂന് സിലിന് അനധികൃമായി സര്‍ക്കാര്‍ രേഖകള്‍ കൈമാറിയെന്നായിരുന്നു പ്രസിഡന്റിനെതിരെയുള്ള ആരോപണം. പ്രസിഡന്റുമായുള്ള ബന്ധം മുതലെടുത്ത് ചോയി സൂന് സര്‍ക്കാര്‍ ഫണ്ടുകള്‍ വകമാറ്റി അവിഹിത സ്വത്ത് സമ്പാദിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു. ചോയി സൂന് സിലിന് 38 ബില്ല്യണ്‍ ഡോളര്‍ സാംസങ് കൈക്കൂലി നല്‍കിയെന്നാണ് പ്രോസിക്യൂഷന്റെ വാദം.
ആരോപണങ്ങള്‍ ജെ വൈ ലീയും സാംസങും നിഷേധിച്ചിരുന്നു. അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹൈയെ കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."