കെ.എസ്.ടി.പി: ലോകബാങ്ക് സംഘവുമായി മന്ത്രി ചര്‍ച്ച നടത്തി
തിരുവനന്തപുരം: കെ.എസ്.ടി.പി രണ്ടാംഘട്ട പ്രൊജക്ട് പുരോഗതി വിലയിരുത്തുന്നതിന് ലോകബാങ്ക് പ്രതിനിധിസംഘം പൊതുമരാമത്ത് മന്ത്രിയുമായി ചര്‍ച്ച നടത്തി. ആന്‍ഡേഴ്‌സ് ഹോര്‍ത്ത് അഗേര്‍സ്‌കോവിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ കോസ്റ്റാറിക്കയിലെ മുന്‍ പൊതുമരാമത്ത് മന്ത്രി കൂടിയായ കാര്‍ല ഗോണ്‍സാല്‍വെസ് കാര്‍വജല്‍, അര്‍ണാബ് ബന്ദോപാദ്യായ, സുദീപ് മജൂംദര്‍ എന്നിവരും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുമായും സംഘം കൂടിക്കാഴ്ച നടത്തി.
പ്രവൃത്തികളുടെ ഗുണമേന്‍മ, മേല്‍നോട്ടം, പുരോഗതി, പുനലൂര്‍-പൊന്‍കുന്നം റോഡ് നവീകരണ രീതി, പ്രൊജക്ടിന്റെ കാലാവധി തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടന്നെന്ന് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ലോകബാങ്ക് നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കിക്കഴിഞ്ഞു. ഐ.എ.എസ് കേഡറിലുള്ള പൂര്‍ണസമയ പ്രൊജക്ട് ഡയറക്ടറെയും പരിചയസമ്പന്നയായ ചീഫ് എന്‍ജിനീയറെയും നിയമിച്ചു.
2012ല്‍ തുടങ്ങിയ രണ്ടാംഘട്ട പ്രൊജക്ടില്‍ ഒന്നേകാല്‍ വര്‍ഷം മാത്രമാണ് ഈ സര്‍ക്കാരിന്റെ കാലത്തുള്ളത്. ഈ കാലയളവില്‍ ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. കണ്‍സള്‍ട്ടന്റുകള്‍ തയാറാക്കുന്ന ഡി.പി.ആറില്‍ അപാകതകള്‍ ഉണ്ടായതിന്റെ ഭാഗമായി ചില പണികളില്‍ കാലതാമസം വന്നിട്ടുണ്ടെന്ന കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഗുണമേന്‍മ സംബന്ധിച്ച പരിശോധന ലോകബാങ്ക് ടീം തന്നെ നടത്തും. സൂപ്പര്‍വിഷന്‍ നടത്തുന്നതില്‍ പൊതുമരാമത്ത് എന്‍ജിനീയര്‍മാരെ കൂടി ഇനിമുതല്‍ ഉപയോഗപ്പെടുത്തണമെന്ന് തീരുമാനിച്ചിട്ടുണ്ട്. പുനലൂര്‍-പൊന്‍കുന്നം റോഡ് പി.പി.പി അടിസ്ഥാനത്തില്‍ ചെയ്യുന്നതിന്റെ കാര്യത്തില്‍ അനുമതിക്കായി നേരത്തെ അയച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ലോകബാങ്ക് അനുമതി ലഭിച്ചിട്ടില്ല. ഈ പ്രവൃത്തിക്കായി പ്രൊജക്ടിന്റെ കാലാവധി നീട്ടിത്തരണമെന്നും ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."