സര്‍ക്കാര്‍ ലക്ഷ്യം വിലക്കയറ്റമില്ലാത്ത ഓണം: മന്ത്രി പി. തിലോത്തമന്
പീരുമേട്: വിലക്കയറ്റമില്ലാത്ത ഓണത്തെ സമ്മാനിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമന്. ആവശ്യസാധനങ്ങളുടെ വില കുറക്കുന്നതോടൊപ്പം ഭക്ഷ്യ ഭദ്രത ഉറപ്പാക്കുമെന്നും മന്ത്രിയുടെ ഉറപ്പ്. ഏലപ്പാറ പഞ്ചായത്തിലെ വാഗമണ്ണില്‍ പുതുതായി ആരംഭിച്ച മാവേലി സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിലക്കയറ്റമില്ലാത്ത അഞ്ചു വര്‍ഷമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കീഴില്‍ വിറ്റഴിക്കുന്ന പതിനഞ്ചോളം ഉല്പന്നങ്ങളുടെ വില കുറച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അരിയുടെ വില വര്‍ധിച്ചുവെങ്കിലും ആന്ധ്രയിലെ ഉല്പാദന കേന്ദ്രങ്ങളില്‍ നിന്നും അരി സംഭരിച്ച് ന്യായവിലയ്ക്ക് ഓണവിപണിയില്‍ എത്തിക്കും. ഇതോടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ സാധിക്കും. ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നത് സര്‍ക്കാരിന് അധിക ബാധ്യതയാണെങ്കിലും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റേഷന്‍ സംവിധാനം ശരിയായ രീതിയില്‍ നടപ്പിലാക്കുന്നതിനായി ഓരോ റേഷന്‍ കടകളിലും ഇ പോസ് മെഷിന് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
വാഗമണ്‍ പഴയ ചന്തയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ഷാജി ജേക്കബ് ആദ്യ വില്പന നടത്തി. സപ്ലൈകോ മാനേജര്‍ കെ. വേണുഗോപാല്‍, ജില്ലാ പഞ്ചായത്തംഗം മോളി ഡോമിനിക്, വിവിധ രാഷ്ട്രീയ പ്രതിനിധികളും പഞ്ചായത്തംഗങ്ങളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."