പെര്‍മുദെയില്‍ വീട് കുത്തിത്തുറന്നു കവര്‍ന്ന 18 പവന് കണ്ടെത്തി
കുമ്പള: പെര്‍മുദെ മണ്ടേക്കാപ്പിലെ അബൂബക്കറിന്റെ വീടിന്റെ വാതില്‍ പൊളിച്ച് കവര്‍ന്ന 18.5 പവന് സ്വര്‍ണാഭരണങ്ങള്‍ പൊലിസ് അന്വേഷണത്തിനിടെ കണ്ടെത്തി. കട്ടത്തടുക്കയിലെ അബ്ദുല്ലക്കുഞ്ഞിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന മഞ്ചേശ്വരം കുടുക്കയിലെ മുഹമ്മദ് ഷിഹാബ് (21), ദേര്‍ളക്കട്ട മഞ്ഞനാടിയിലെ മുദസിര്‍ എന്ന മുദ്ദ(22), മഞ്ഞനാടിയിലെ അന്‍സാഫ് (20) എന്നിവരെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണു കവര്‍ന്ന ആഭരണങ്ങള്‍ സംബന്ധിച്ചുള്ള വിവരം ലഭിച്ചത്.
മൂന്നരപ്പവന്‍ സ്വര്‍ണാഭരണം മുദസിറിന്റെ വീട്ടില്‍ സൂക്ഷിച്ച നിലയിലായിരുന്നു. 15 പവന് സ്വര്‍ണാഭരണങ്ങള്‍ ഉള്ളാളിലെ ജ്വല്ലറി വര്‍ക്സില്‍ നിന്നാണു കണ്ടെത്തിയത്. കട്ടത്തടുക്കയിലെ അബ്ദുല്ല കുഞ്ഞിയുടെ വീട്ടില്‍ നിന്നു കവര്‍ന്ന 15 പവന് സ്വര്‍ണാഭരണങ്ങളും ഇവിടെ നിന്നാണു കണ്ടെത്തിയത്. അതേസമയം മഞ്ചേശ്വരം കുടുക്കയിലെ ഷിഹാബ് പയ്യന്നൂരിലെ എ.ടി.എം കൗണ്ടറില്‍ കവര്‍ച്ച നടത്തിയ കേസിലും പ്രതിയാണെന്നു പൊലിസ് സംശയിക്കുന്നു. ഇവിടെ നിന്നു ലഭിച്ച വിരലടയാളങ്ങള്‍ ഷിഹാബിന്റെ വിരലടയാളവുമായി സാമ്യമുള്ളതാണ്. ഇതേ തുടര്‍ന്നു ഷിഹാബിനെ ചോദ്യം ചെയ്യുന്നതിനായി പയ്യന്നൂര്‍ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ മൂന്നു പേരെയും റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."