തടിയിലും പാഴ്‌വസ്തുക്കളിലും ശില്‍പങ്ങള്‍ തീര്‍ത്തു കര്‍ഷകന്‍ ശ്രദ്ധേയനാകുന്നു
കുന്നുംകൈ : തടിയിലും പാഴ്‌വസ്തുക്കളിലും ശില്‍പങ്ങള്‍ തീര്‍ത്തു ശ്രദ്ധേയനാവുകയാണു ചിറ്റാരിക്കാല്‍ കാറ്റാംകവലയിലെ കിഴക്കേല്‍ തങ്കച്ചന്‍ എന്ന മേരിദാസന്‍. ആധുനിക കാലഘട്ടത്തില്‍ ശില്‍പങ്ങള്‍ നിര്‍മിക്കാന്‍ യന്ത്ര സംവിധാനം വരെ നിലവിലുള്ളപ്പോള്‍ ചെറിയ പിച്ചാത്തി കൊണ്ടാണു തങ്കച്ചന്റെ ശില്‍പനിര്‍മാണം.
പറമ്പുകളില്‍ ഉപേക്ഷിക്കുന്ന വേരുകളിലും മരങ്ങളിലും ചിരട്ടയിലുമാണു ജീവന്‍ തുടിക്കുന്ന ശില്‍പങ്ങള്‍ നിര്‍മിക്കുന്നത്.
മനസ്സില്‍ വിരിയുന്ന ഭാവനകള്‍ തടിയിലോ ചിരട്ടയിലോ ആക്കി സൂക്ഷിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ ഹോബി. നിര്‍മാണത്തില്‍ ഇദ്ദേഹത്തിന് മാര്‍ഗ നിര്‍ദേശം നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. ഇത്രയും മനോഹരങ്ങളായ ശില്‍പങ്ങള്‍ ഉണ്ടാക്കുവാന്‍ ഇദ്ദേഹം ഉപയോഗിക്കുന്ന ആയുധങ്ങളാവട്ടെ പിച്ചാത്തിയും ചെറിയ വാക്കത്തിയും.
യേശുദേവന്റെ മനോഹരമായ ശില്‍പം, കലമാന്‍, എലിയെ റാഞ്ചുന്ന പരുന്ത്, കാട്ടുപോത്ത്, മീന്‍, ആന, തോണി തുഴയുന്ന കുരങ്ങ്, സിംഹം,പക്ഷികള്‍, ആട് എന്നിങ്ങനെ നീളുന്നു തങ്കച്ചന്റെ ശില്‍പനിര്‍മാണങ്ങളുടെ നിര. മുഖര്‍ശംഖ്,വീണ എന്നിവയും ഇദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് തബലയും വയലിനും അദ്ദേഹം പഠിച്ചിട്ടുണ്ട്. കൃഷിപ്പണികള്‍ ചെയ്യുന്നതിന്റെ ഇടവേളകളിലും രാത്രിയിലുമാണു തങ്കച്ചന്റെ ശില്‍പനിര്‍മാണം. മാതാവ് അന്നകുട്ടിയും ഭാര്യ സജിയും ഏക മകന്‍ ജോസഫുമാണു ശില്‍പ നിര്‍മാണത്തില്‍ തങ്കച്ചന്റെ തുണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."