രാസായുധ ആക്രമണം വീണ്ടും: സിറിയയില്‍ മൂന്നുമരണം
അലപ്പോ: സിറിയയില്‍ വീണ്ടും രാസായുധം ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം അലപ്പോ നഗരത്തിലാണ് രാസായുധപ്രയോഗത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നത്. ആശുപത്രിയും പ്രാദേശിക സുരക്ഷാ ഗ്രൂപ്പുമാണ് ഇക്കാര്യം പുറത്തു വിട്ടത്. ക്ലോറിന്‍ ആയുധങ്ങളാണ് ഉപയോഗിച്ചതെന്നു ആശുപത്രി വ്യക്തമാക്കി.
വിമത പോരാളികളുടെ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സിറിയന്‍ സിവില്‍ ഡിഫന്‍സ് എന്ന ഗ്രൂപ്പും അന്താരാഷട്ര മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചു. സംഭവത്തില്‍ മൂന്നു മരണവും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഏജന്‍സി അറിയിച്ചു. അലപ്പോയ്ക്കടുത്ത് സുബിയ എന്ന സ്ഥലത്താണ് ക്ലോറിന്‍ നിറച്ച ഗ്യാസ് ബാരല്‍ ഹെലികോപ്ടര്‍ വഴി ഉപയോഗിച്ചത്. ക്ലോറിന്‍ ബാരല്‍ സിബിയയിലേക്ക് ഹെലികോപ്ടറില്‍ നിന്ന് എറിയുകയും സംഭവസ്ഥലത്തുണ്ടായിരുന്ന യുവതിയും 10 വയസുള്ള മകളും നാലുവയസുള്ള മകനും രാസവസ്തു ശ്വസിച്ച് ശ്വാസംമുട്ടി മരിക്കുകയും ചെയതെന്നും അലപ്പോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഗ്രൂപ്പ് അംഗം ഖാലിദ് അറിയിച്ചു.
വിഷവാതകം ശ്വസിച്ച് നാലുപേര്‍ മരിക്കുകയും 55 പേര്‍ക്ക് ശ്വാസതടസം നേരിട്ട് ചികിത്സനേടിയതായും അലപ്പോയിലെ അല്‍ഖുദ്‌സ് ഹോസ്പിറ്റല്‍ മാനേജര്‍ സംഹ ഖത്തീബ് അറിയിച്ചതായി റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.
ക്ലോറിന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാതലത്തില്‍ യു.എന്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവം സ്ഥിരീകരിച്ചാല്‍ യുദ്ധകുറ്റമായി പരിഗണിക്കപ്പെടുമെന്ന് യു.എന്‍ വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."