ഓപ്പണ്‍ സ്‌കൂളില്‍ നിന്നു പിരിച്ചുവിട്ടവരെ സ്‌കോള്‍കേരളയില്‍ നിയമിക്കാന്‍ നീക്കം
മലപ്പുറം: യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഓപ്പണ്‍ സ്‌കൂളില്‍നിന്നു പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥരെ സ്‌കോള്‍കേരളയില്‍ നിയമിക്കാന്‍ നീക്കം.
2013ല്‍ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഒഴിവാക്കിയതും വിജിലന്‍സ് കേസില്‍പെട്ട ജീവനക്കാരുള്‍പ്പെടെയുള്ളവരെയാണ് ഓപ്പണ്‍ സ്‌കൂളിന്റെ പുതിയ രൂപമായ സ്‌കോള്‍കേരളയില്‍ നിയമിക്കാന്‍ നീക്കം നടക്കുന്നത്. ഇക്കാര്യം ഉള്‍പ്പെടെ തീരുമാനിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പുമന്ത്രിയുടെ അധ്യക്ഷതിയില്‍ തിരുവനന്തപുരത്ത് ഇന്ന് സ്‌കോള്‍കേരളയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രിയാണ് സ്‌കോള്‍ കേരളയുടെ ചെയര്‍മാന്‍. ഇദ്ദേഹത്തെ കൂടാതെ വൈസ് ചെയര്‍മാന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, നാലു ഡയറക്ടര്‍മാര്‍ എന്നിവരെയും നേരത്തെ നിയമിച്ചിരുന്നു.
വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ആദ്യ ജനറല്‍ബോഡി യോഗത്തിലാണ് സ്‌കോള്‍കേരളുടെ പ്രവര്‍ത്തനം സംബന്ധിച്ച് തീരുമാനം എടുത്തത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ സ്‌കോള്‍കേരളയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുന്നത്. എന്നാല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായി ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ച നാലു ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ അറിയിക്കാതെയാണ് വിവാദ യോഗം വിളിച്ചിരിക്കുന്നത്. പിരിച്ചുവിട്ട ജീവനക്കാരുടെ അപേക്ഷ പരിഗണിക്കുന്ന കാര്യമാണ് യോഗത്തിന്റെ പ്രധാന അജന്‍ഡ. ഓപ്പണ്‍ സ്‌കൂള്‍ സ്‌കോള്‍കേരളയാകുമ്പോള്‍ നിലവിലുള്ളതും പുതുതായി നിയമിക്കേണ്ടതുമായി ജീവനക്കാരുടെ കാര്യത്തില്‍ എന്തു തീരുമാനം എടുക്കണമെന്ന് ഫെബ്രുവരിയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗം തീരുമാനമെടുത്തിരുന്നു.
ഓപ്പണ്‍സ്‌കൂളില്‍ നിലവിലുള്ള ജീവനക്കാരെ യോഗ്യത, സര്‍വിസ് കാലയളവ്, പ്രായം എന്നിവ പരിഗണിച്ച് സൂക്ഷ്മമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ സ്‌കോള്‍കേരളയില്‍ നിലനിര്‍ത്താനും ബാക്കിയുള്ള ജീവനക്കാരെ പൊതുപരീക്ഷ നടത്തി നേരത്തെ തയാറാക്കിയ റാങ്ക്പട്ടികയില്‍ നിന്ന് നിയമിക്കാനുമായിരുന്നു ജനറല്‍ബോഡി തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."