സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കി
തിരുവനന്തപുരം: പത്തനംതിട്ട മലയാലപ്പുഴ ദേവീക്ഷേത്രത്തില്‍വച്ച് മുന്‍ ചീഫ് സെക്രട്ടറി സി.പി നായരെ വധിക്കാന്‍ശ്രമിച്ച കേസ് പിന്‍വലിക്കാനുള്ള മുന്‍സര്‍ക്കാര്‍ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിടപെട്ട് റദ്ദാക്കി.
കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനും തീരുമാനിച്ചു. സി.പി നായരുടെ പരാതിയില്‍ സി.പി.എം പ്രവര്‍ത്തകരുള്‍പ്പെടെ 146 പേര്‍ക്കെതിരേയാണ് കേസെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് കോണ്‍ഗ്രസ് പ്രാദേശികനേതാക്കളുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജൂണില്‍ പിന്‍വലിക്കുകയായിരുന്നു.
കേസ് പിന്‍വലിക്കരുതെന്നുള്ള സി.പി നായരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. ഇതിനെതിരേ സി.പി.നായര്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് റദ്ദാക്കിയത്. പത്തനംതിട്ട മലയാലപ്പുഴ ദേവീക്ഷേത്രത്തില്‍വച്ച് 2002 മാര്‍ച്ച് 14നായിരുന്നു കേസിനാസ്പദമായ സംഭവം.
ക്ഷേത്രത്തില്‍ എട്ടരക്കോടി രൂപ ചെലവിട്ടു ശതകോടി അര്‍ച്ചന നടത്താന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തത് തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറായിരുന്ന സി.പി നായര്‍ ചോദ്യംചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
പൂജകളുടെ ചെലവുകുറയ്ക്കണമെന്നായിരുന്നു സി.പി നായരുടെ നിലപാട്. ഇതിനെതിരേ അമ്പലക്കമ്മിറ്റിക്കാരും നാട്ടുകാരും രംഗത്തുവന്നു. ക്ഷേത്രത്തിലെത്തിയ സി.പി നായരെയും ഉദ്യോഗസ്ഥരെയും അവര്‍ അമ്പലത്തിലെ സദ്യാലയത്തില്‍ പൂട്ടിയിട്ടു.
ശതകോടി അര്‍ച്ചന നടത്താന്‍ അനുവാദം നല്‍കിയാലേ വിട്ടയയ്ക്കൂവെന്നായിരുന്നു പ്രകോപിതരായ ജനക്കൂട്ടത്തിന്റെ നിലപാട്. സംഘര്‍ഷമുണ്ടായതോടെ പൊലിസ് ആകാശത്തേക്ക് വെടിവച്ചാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടതും സി.പി നായരെ മോചിപ്പിച്ചതും. തുടര്‍ന്ന് ലോക്കല്‍ പൊലിസ് കേസെടുത്തെങ്കിലും അന്വേഷണം അട്ടിമറിക്കപ്പെട്ടു.
ഇതേതുടര്‍ന്ന് സി.പി നായര്‍ പരാതി നല്‍കി. തുടര്‍ന്ന് 2006ല്‍ കേസ് ക്രൈംബ്രാഞ്ചിനുവിട്ടു. കഴിഞ്ഞവര്‍ഷം ജൂണില്‍ മുന്‍ സര്‍ക്കാര്‍ കേസ് പിന്‍വലിക്കുകയും ചെയ്തു. സി.പി നായരെ വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷനില്‍ അംഗമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."