പൊലിസ്‌രാജിലേയ്ക്ക് വഴുതിവീഴാതിരിക്കട്ടെ
പഴയ പൊലിസല്ല ഇരുപത്തൊന്നാംനൂറ്റാണ്ടിലെ പൊലിസെന്ന് എല്ലാവര്‍ക്കുമറിയാം. കൂനന്‍തൊപ്പിവച്ച്, ഹാഫ് ട്രൗസറിട്ട് സ്റ്റേഷനില്‍വരുന്ന മാന്യന്മാരെപ്പോലും മീശപിരിച്ച് തെറിവിളിക്കുന്ന പഴയകാക്കിക്കാരന്‍ ഇന്ന് ഓര്‍മയില്‍പ്പോലുമില്ല.
ഫുള്‍പാന്റ്‌സില്‍ മാന്യമായ വേഷംധരിച്ചു സൗമ്യമായി പെരുമാറുന്ന കോണ്‍സ്റ്റബിള്‍മുതല്‍ ഓഫിസര്‍വരെയുള്ള പൊലിസ് സേനാംഗങ്ങള്‍, നമ്മുടെ സംസ്ഥാനത്തിന്റെ അഭിമാനഭാജനങ്ങളായിട്ടു വര്‍ഷംകുറച്ചായി.
നേരത്തെ കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്തവരെയാണു പൊലിസിലെടുത്തിരുന്നതെങ്കില്‍ ഇന്ന് ഇരട്ടബിരുദവും ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും എം.ബി.എയും ഒക്കെ നേടിയ ചുറുചുറുക്കുള്ള ചെറുപ്പക്കാരാണു കേരളപൊലിസ് എന്ന ബാഡ്ജു ധരിച്ചു സര്‍ക്കാര്‍ സര്‍വീസിലുള്ളത്. അതില്‍ എഴുത്തുകാരുണ്ട്, കലാകാരന്മാരുണ്ട്, കളിക്കാരുണ്ട്.
എന്നാല്‍, നിര്‍ഭാഗ്യത്തിനു കുറേ കറുത്തകൈകളും കാക്കിക്കുള്ളില്‍ എങ്ങനെയൊക്കെയോ കയറിപ്പറ്റുന്നു. അവര്‍ വളര്‍ന്നുവന്ന സാഹചര്യങ്ങള്‍ കാരണമായിരിക്കാം മാനവികത അത്തരം പൊലിസ്ഹൃദയങ്ങളില്‍നിന്ന് അകലം പാലിക്കുന്നു.
എണ്ണത്തില്‍ക്കുറവു വരുന്ന ഈ പൊലിസുണ്ടാക്കുന്ന ചീത്തപ്പേര് ഒട്ടുംചെറുതല്ല. പഴയകാലംമുതല്‍ പൊലിസ് ഈ ദുഷ്‌പേരുപേറി നില്‍ക്കുന്നതും ഇത്തരം ചിലരുടെ കണ്ണില്‍ച്ചോരയില്ലായ്മ കാരണമാണ്. ലോക്കപ്പ് മര്‍ദ്ദനവും മൂന്നാംമുറയുമൊക്കെ പൊലിസ്‌രാജ് സൃഷ്ടിക്കുന്നുവെന്ന മുറവിളികള്‍ എക്കാലവും തുടരുന്നതും ഇത്തരം ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങള്‍ നടക്കുമ്പോഴുമാണ്.
പൊലിസുകാര്‍ക്കു മൊത്തം വന്നുവീഴുന്ന ഈ ദുഷ്‌പേര് മാറ്റിയെടുക്കാനുള്ള ശ്രമം കുറേവര്‍ഷംമുമ്പു കേരളത്തില്‍ത്തന്നെ നടന്നത് ഓര്‍ക്കുന്നു. തമിഴ്‌നാട്ടില്‍നിന്നുള്ള ശിങ്കാരവേലുവെന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഇവിടെ പൊലിസ് മേധാവിയായിരുന്ന കാലം. 'എടാ, പോടാ' വിളികള്‍ പൊലിസുകാര്‍ ഒഴിവാക്കണമെന്ന് അദ്ദേഹത്തിനു വലിയ നിര്‍ബന്ധം.
അതു നടപ്പിലായതോടെ പൊലിസ് സ്റ്റേഷനുകളില്‍ ഫോണ്‍വിളികളില്‍പ്പോലും സൗഹൃദത്തിന്റെ തേന്‍തുള്ളികള്‍ വര്‍ഷിച്ചുകൂടെയെന്നും ആ ഇന്‍സ്‌പെക്ടര്‍ ജനറലിന് ഒരു തോന്നല്‍. ഏതു ഫോണ്‍കോള്‍ സ്റ്റേഷനിലേയ്ക്കു വന്നാലും മധുരതരമായി സംസാരിച്ചു തുടങ്ങണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഗുഡ്‌മോര്‍ണിങ്, ഗുഡ് ഈവനിങ് എന്നൊക്കെ പറഞ്ഞുകൊണ്ടാവണം ഫോണെടുക്കാന്‍ എന്നു സര്‍ക്കുലര്‍ വന്നു.
ഈ വിവരം പുറത്തറിയുംമുമ്പ് ഒരുപ്രവര്‍ത്തകര്‍ എന്തോ കാര്യംപറയാനായി ടൗണ്‍പൊലിസ് സ്റ്റേഷനിലേയ്ക്ക് ഒരു ബൂത്തില്‍നിന്നു ഫോണ്‍ ചെയ്തു. ഫോണ്‍ എടുത്തയാള്‍ പറഞ്ഞു: 'ഗുഡ്‌മോര്‍ണിങ്'.
സ്റ്റേഷനില്‍നിന്ന് ഇങ്ങനെയൊരു സൗഹൃദം സ്വാഗതമോ. പൊതുപ്രവര്‍ത്തകനു സംശയം.
അയാള്‍ ചോദിച്ചു: 'ഹലോ, സ്റ്റേഷനല്ലേ'
മറുപടി: 'അതെ സാര്‍, സ്റ്റേഷന്‍തന്നെ.
പൊതുപ്രവര്‍ത്തകന് സംശയം തീര്‍ന്നില്ല. റെയില്‍വേ സ്റ്റേഷനോ, ബസ് സ്റ്റേഷനോ മറ്റോ ആയിരിക്കുമോ.
അയാള്‍ തുടര്‍ന്നു: 'ഹലോ, ഞാന്‍ പൊലിസ് സ്റ്റേഷനിലേയ്ക്കാണു വിളിച്ചത്.'
മറുപടി: 'അതേ റാസ്‌കല്‍, പൊലിസ്‌സ്റ്റേഷന്‍തന്നെ. ഇഡിയറ്റ്.'
പൊതുപ്രവര്‍ത്തകനു മനസ്സിലായി; ഇതു പൊലിസ് സ്റ്റേഷന്‍ തന്നെ. അയാള്‍ പെട്ടെന്നു ഫോണ്‍ താഴ്ത്തിവെച്ചു. ബൂത്തില്‍നിന്നു സ്ഥലം കാലിയാക്കി.
പൊലിസുകാരെ ചൊടിപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ ഏറെയുള്ള സംസ്ഥാനമാണല്ലോ നമ്മുടേത്. തോറ്റസമരം കണ്ടിട്ടില്ല, കേട്ടില്ല എന്നുപറഞ്ഞു ബാരിക്കേഡു തകര്‍ക്കാനും പൊലിസ്‌വലയം ഭേദിക്കാനും പൊലിസിനെ കല്ലെറിയാനും നേതാക്കള്‍ തന്നെയാണല്ലോ മുന്നില്‍ നില്‍ക്കാറ്. ലാത്തിച്ചാര്‍ജ്ജും ടിയര്‍ഗ്യാസ് പ്രയോഗവും വെടിവയ്പ്പുമൊക്കെ വിളിച്ചുവരുത്താതെ രക്തസാക്ഷികളെ സൃഷ്ടിക്കാനാവില്ലല്ലോ. കുട്ടിക്കുരങ്ങനെക്കൊണ്ടു ചുടുചോറു മാന്തിക്കുന്നതുപോലെ പൊലിസുകരാന്റെ തൊപ്പി തട്ടിത്തെറിപ്പിക്കുന്ന യുവജനപ്രക്രിയവരെ നാം കണ്ടു.
ഭരണമാറ്റം വരുന്നതോടെ ഇതില്‍നിന്നൊക്കെ നമ്മളും ഏറെ മാറിയെന്നു കരുതുമ്പോഴാണു പുതിയ ഭരണത്തിലും മാധ്യമപ്പടയെ തല്ലിത്തകര്‍ക്കാന്‍ കോഴിക്കോട്ട് പി.കെ വിമോദെന്ന സബ് ഇന്‍സ്‌പെക്ടര്‍ കടന്നുവരുന്നത്. വാഹനപരിശോധനയ്ക്കിറങ്ങിയ കൊല്ലം എ.ആര്‍ കാംപിലെ മാഷ്ദാസെന്ന പൊലിസുകാരന്‍ ബൈക്ക്‌യാത്രികനെ വയര്‍ലസ് സെറ്റുകൊണ്ടടിച്ചു ഗുരുതരമായി പരുക്കേല്‍പിക്കുന്നത്.
പൊലിസിനെ ഭരണകൂടം കയറൂരിവിടുകയാണോ. സംഘടനാസ്വാതന്ത്ര്യത്തിന്റെപേരില്‍ എന്തുംചെയ്യാനും എവിടെയും ഏതുസമയത്തും കടന്നുചെല്ലാനും പൊലിസുകാര്‍ക്ക് അനുവാദമുണ്ടോ. ബോംബ് നിര്‍മാണത്തിന് അറസ്റ്റിലായവരെ മോചിപ്പിക്കാന്‍ തലശ്ശേരി പൊലിസ് സ്റ്റേഷനുമുന്നില്‍ ധര്‍ണനടത്തുകയും സ്റ്റേഷനുമുന്നിലും ബോംബ് നിര്‍മിക്കുമെന്നു പ്രഖ്യാപിക്കുകയുംചെയ്ത രാഷ്ട്രീയനേതാവു നേതൃത്വംനല്‍കുന്ന പാര്‍ട്ടിയാണ് ഇന്നു കേരളം ഭരിക്കുന്നത്. അപ്പോഴും പൊലിസ്‌വകുപ്പുകൂടി കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയ്ക്കു പറയേണ്ടി വരുന്നു; പൊലിസ് അവരുടെ പണിമാത്രം ചെയ്താല്‍ മതിയെന്ന്. ജിഷ വധക്കേസ് നല്ലനിലയില്‍ അന്വേഷിച്ചു തെളിയിച്ച അതേ പൊലിസിനാണിപ്പോള്‍ പ്രതിക്കൂട്ടില്‍ കയറിനില്‍ക്കേണ്ടിവരുന്നത്.
പൊലിസിന്റെ അതിക്രമങ്ങളെ അധിക്ഷേപിച്ചു പൊലിസ്‌മേധാവി ലോക്‌നാഥ് ബഹ്‌റയ്ക്കുപോലും പരസ്യപ്രസ്താവന നടത്തേണ്ടിവന്നു. പൊലിസില്‍ ഒരുവിഭാഗം ഗുണ്ടകളെപോലെ പെരുമാറുന്നുവെന്നു മുന്‍ ആഭ്യന്തരമന്ത്രികൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തുന്നു.
രാഷ്ട്രീയം മെച്ചപ്പെടുത്താന്‍ പൊലിസിന്റെ സഹായംവേണ്ടെന്നും സര്‍വീസില്‍ കയറിയാല്‍ അച്ചടക്കംപാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്നു. മന്ത്രിസഭയും സര്‍ക്കാരും മാറിമാറിവരുമെന്നും പൊലിസ് നിഷ്പക്ഷമായാണു പെരുമാറേണ്ടതെന്നും വിദ്യാര്‍ഥിസമരങ്ങള്‍ മുതല്‍ പൊലിസ് മര്‍ദ്ദനങ്ങള്‍ ഏറെ അനുഭവിക്കേണ്ടിവന്ന പിണറായി വിജയന്‍ അര്‍ഥശങ്കയ്ക്ക് അവസരംനല്‍കാതെ പറയുന്നു.
പൊലിസ്‌രാജിന്റെ ക്രൂരതകള്‍ ഏറെക്കണ്ട സംസ്ഥാനമാണു കേരളം. മര്‍ദനങ്ങള്‍ ഏറെയനുഭവിച്ച നേതാക്കള്‍ പല രാഷ്ട്രീയകക്ഷികളിലുമുണ്ട്. രാഷ്ട്രീയ നേതൃത്വം ശ്രദ്ധിക്കേണ്ടത് പൊലിസിനെയപ്പാടെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാതിരിക്കാനാണ്. നിഷ്പക്ഷമായും സ്വതന്ത്രമായും സംഗതികള്‍ കൈകാര്യംചെയ്യാന്‍ പൊലിസിനെ അനുവദിക്കട്ടെ.
മുഖ്യമന്ത്രിപദത്തില്‍വരെ എത്തിയ മുസ്‌ലിംലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയ ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടി എറ്റെടുത്ത കാലം ഓര്‍മവരുന്നു. അരക്ഷിതാവസ്ഥ ഏറെ സൃഷ്ടിച്ചുകൊണ്ടു നക്‌സലൈറ്റുകള്‍ ഭീഷണിയുയര്‍ത്തിക്കൊണ്ടിരുന്നപ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍കഴിഞ്ഞ പൊലിസ് മന്ത്രിയായ സി.എച്ച് അന്നു പറഞ്ഞു: 'വലിയ കാര്യങ്ങളൊക്കെ സാധിച്ചുവെന്നു ഞാന്‍ പറയുന്നില്ല. പൊലിസ്‌സ്റ്റേഷനുകളില്‍ രണ്ടു കസേരകള്‍ കണ്ടിരുന്നു. അതില്‍ പാര്‍ട്ടി സെക്രട്ടറിക്കിരിക്കാന്‍ പാകത്തില്‍ കൊണ്ടുവന്നിട്ട രണ്ടാമത്തെ കസേര എടുത്തുമാറ്റുകമാത്രമാണു ഞാന്‍ ചെയ്തത്.'
1957 ല്‍ ഇതാദ്യമായി കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം നിലവില്‍വന്നപ്പോള്‍ ഈ രാഷ്ട്രീയാതിപ്രസരമാണു വിമോചന സമരത്തിലേയ്ക്കും ഇ.എം.എസ് ഭരണത്തിന്റെ പതനത്തിലേയ്ക്കും നയിച്ചത്. അമ്പതുദിവസത്തെ വിമോചനസമരംകൊണ്ടു കേരള ജനത ആ ഭരണത്തെ തൂത്തെറിഞ്ഞു.
അങ്കമാലിയില്‍ ഗര്‍ഭിണിയടക്കം ഏഴുപേരാണു വധിക്കപ്പെട്ടത്. പുല്ലുവിളയിലും വെട്ടുകാട്ടിലും ചെറിയതുറയിലും ഒന്നിനുപിറകെ മറ്റൊന്നായി വെടിവയ്പ്പുകള്‍ നടന്നു. 40,000 വനിതകളുള്‍പ്പെടെ ഒന്നരലക്ഷം പേര്‍ അറസ്റ്റുവരിച്ച സംഭവം 1942 -ലെ ക്വിറ്റിന്ത്യാസമരത്തില്‍പ്പോലും നടക്കാത്തതാണ്. മൂന്നു വെടിവയ്പ്പുകളിലായി 15 പേരാണു മരിച്ചത്.
അധികാരത്തിലിരിക്കുന്ന കക്ഷി കൂടുതല്‍ സംയമനംപാലിക്കേണ്ട ഒരവസരത്തില്‍ പ്രതിപക്ഷ പാര്‍ട്ടിപ്രവര്‍ത്തകരെ ആക്രമിക്കുകയും അവരുടെ വീടുകളും ഓഫിസുകളും കയ്യേറുകയും ചെയ്യുന്നതു പ്രകോപനം സൃഷ്ടിക്കാന്‍തന്നെയാണ്.
വയലിലെ പണിക്കു വരമ്പത്തുതന്നെ കൂലികിട്ടുമെന്നു പാര്‍ട്ടിസെക്രട്ടറി പ്രസ്താവന ഇറക്കുമ്പോള്‍ അറസ്റ്റിലായവരെ, ബലം പ്രയോഗിച്ചു മോചിപ്പിക്കുന്നതരത്തില്‍ പ്രവര്‍ത്തകര്‍ നീങ്ങുന്നതു നോക്കിനില്‍ക്കാന്‍ നിര്‍ബന്ധിപ്പിക്കപ്പെടുകയാണു പൊലിസ്.
മാതൃകാ പൊലിസ് സ്റ്റേഷനെന്നു ബോര്‍ഡ്‌വച്ചടിങ്ങളില്‍നിന്നുപോലും അക്കാരണത്താല്‍ നീതികിട്ടാതെ പോകും. പൊലിസുകാരാകട്ടെ പഠിച്ചതൊന്നും മറക്കുകയില്ല, പുതിയതൊന്നും പഠിക്കുകയുമില്ല എന്നതരത്തില്‍ പഴയമട്ടില്‍ ചട്ടക്കൂട്ടില്‍ത്തന്നെ വീണുപോവുകയും ചെയ്യുന്നു.
വിമോചനസമരകാലത്തെ ആ മുദ്രാവാക്യം ഓര്‍മകളിലേയ്ക്കു കടന്നുവരുന്നു.
'പൊലിസെല്ലാം പാളീസായാല്‍ കൂലീസെല്ലാം പൊലിസാകും.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."