എ.ടി.എം തട്ടിപ്പ്: റൊമാനിയക്കാര്‍ പരിശീലനം നേടിയത് ബള്‍ഗേറിയയില്‍
തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച എ.ടി.എം തട്ടിപ്പ് കേസില്‍ മുംബൈയില്‍ നിന്നു കഴിഞ്ഞദിവസം അറസ്റ്റിലായ റൊമാനിയന്‍ സ്വദേശി ഗബ്രിയേല്‍ ഉള്‍പ്പെട്ട സംഘം കവര്‍ച്ചയില്‍ പരിശീലനം നേടിയത് ബള്‍ഗേറിയയില്‍ നിന്നായിരുന്നെന്ന് പൊലിസ് പറഞ്ഞു.
അതേസമയം, ചോദ്യം ചെയ്യലിനോട് കാര്യമായി സഹകരിക്കാത്തതിനാല്‍ തട്ടിപ്പിനായി ഇയാള്‍ ഉപയോഗപ്പെടുത്തിയ ഇന്ത്യന്‍ ബന്ധം സംബന്ധിച്ച ഒരു വിവരവും പൊലിസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്താരാഷ്ട്ര കണ്ണികളുള്ള സംഘത്തിന്റെ സഹായത്തോടെയാണ് ഗബ്രിയേലും സംഘവും തട്ടിപ്പു നടത്തിയത്.
ദിവസങ്ങളോളം കേരളത്തില്‍ താമസിച്ചശേഷം തട്ടിപ്പിനുള്ള കളമൊരുക്കി ജൂലൈ 19ന് നാലംഗ സംഘം ഇന്ത്യ വിട്ടു. മറ്റൊരാള്‍ക്കൊപ്പം ഗബ്രിയേല്‍ പോയത് ബാങ്കോക്കിലേക്കാണ്. ഒരാള്‍ ഖത്തറിലേക്കും നാലാമന്‍ റൊമാനിയയിലേക്കും കടന്നു. ബാങ്കോക്കില്‍ നിന്നു തിരിച്ചെത്തി മുംബൈയിലെ എ.ടി.എമ്മില്‍ നിന്നു പണമെടുക്കാന്‍ ശ്രമിച്ചാണ് ഗബ്രിയേല്‍ കുടുങ്ങിയത്. അറസ്റ്റിലാകുമ്പോള്‍ ഇയാളുടെ കൈവശം ഒരു ലക്ഷത്തോളം രൂപയുണ്ടായിരുന്നു. വ്യാജകാര്‍ഡ് ഉണ്ടാക്കിയാലും പിന്‍നമ്പര്‍ സംഘടിപ്പിക്കലാണ് ദുഷ്‌കരമായ ജോലിയെന്ന് ഗബ്രിയേല്‍ പൊലിസിനോട് പറഞ്ഞു. എ.ടി.എം മെഷീനോട് ചേര്‍ത്ത് സ്ഥാപിച്ചിട്ടുള്ള യന്ത്രത്തിന്റെ സഹായത്തോടെയാണ് കാര്‍ഡിലെ വിവരങ്ങള്‍ ഡീകോഡ് ചെയ്തിരുന്നത്. എ.ടി.എം കവര്‍ച്ച നടത്തിയ സംഘത്തില്‍ നാലു റൊമാനിയക്കാര്‍ ഉണ്ടായിരുന്നെന്നും മുംബൈയില്‍ പിടിയിലായ ഗബ്രിയേല്‍ ഒഴികെ മറ്റു മൂന്നുപേരും രാജ്യം വിട്ടെന്നും പൊലിസ് സ്ഥിരീകരിച്ചു. എമിഗ്രേഷന്‍ അധികൃതരില്‍ നിന്നാണു മൂവരും ജൂലൈ രണ്ടാംവാരം മുങ്ങിയതായി വിവരം ലഭിച്ചത്. ഫ്‌ലോറിന്‍ ഇയോണ്‍(27) എന്നയാളാണ് ഇന്നലെ തിരിച്ചറിഞ്ഞ നാലാമന്‍.
ഇയാള്‍ മുംബൈയില്‍ അറസ്റ്റിലായ ഗ്രബിയേല്‍ മരിയനൊപ്പം ജൂണ്‍ 23 മുതല്‍ 30 വരെ തിരുവനന്തപുരം സ്റ്റാച്യുവിലെ ചിരാഗ് ഇന്‍ ഹോട്ടലിലും അതിനുശേഷം കോവളത്തും തങ്ങിയതിന്റെ രേഖകള്‍ പൊലിസിന് ലഭിച്ചു. മറ്റുള്ള റൊമാനിയക്കാര്‍ സ്വന്തം നാട്ടിലേക്കു മടങ്ങിയെന്നാണ് ഇയാള്‍ പറയുന്നതെങ്കിലും മുംബൈയടക്കമുള്ള നഗരങ്ങളില്‍ ഇവരുടെ സംഘവുമായി ബന്ധമുള്ളവര്‍ ഉണ്ടാകാമെന്ന സംശയത്തില്‍ പൊലിസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഗബ്രിയേല്‍ തട്ടിപ്പിനു പിന്നാലെ മുംബൈയിലേക്കു കടക്കുകയും വിവിധ എ.ടി.എമ്മുകളില്‍ നിന്നു പണം പിന്‍വലിക്കുകയും ചെയ്തപ്പോള്‍ മറ്റു മൂന്നുപേരില്‍ ഒരാള്‍ തിരുവനന്തപുരം വിമാനത്താവളം വഴിയാണു കടന്നത്. ഒരാള്‍ ചെന്നൈ വിമാനത്താവളത്തിലൂടെ രാജ്യം വിട്ടപ്പോള്‍ മൂന്നാമന്‍ മുംബൈയില്‍ നിന്നാണു മുങ്ങിയത്. ചെന്നൈ വഴി മുങ്ങിയ പ്രതി ബാങ്കോക്കിലേക്കാണു പോയെതെന്നു വിവരം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."