അങ്കണവാടികളില്‍ സോഷ്യല്‍ ഓഡിറ്റ് സെപ്റ്റംബര്‍ ഒന്നു മുതല്‍
കല്‍പ്പറ്റ: ജില്ലയിലെ തെരഞ്ഞെടുത്ത അങ്കണവാടികളില്‍ സോഷ്യല്‍ ഓഡിറ്റ് സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ഓഡിറ്റിങിനായുള്ള ടീമംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി ഇന്ന് ആരംഭിക്കും.
തിരുവനന്തപുരത്ത് പരിശീലനം നേടിയ മാസ്റ്റര്‍ ട്രെയിനര്‍മാരായ സി.ഡി.പി.ഒമാരും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരുമാണ് ഓഡിറ്റ് ടീമിനെ പരിശീലിപ്പിക്കുന്നത്. സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായി മൂപ്പൈനാട്, കോട്ടത്തറ, അമ്പലവയല്‍, പുല്‍പ്പള്ളി, തിരുനെല്ലി എന്നീ അഞ്ച് പഞ്ചായത്തുകളിലും മാനന്തവാടി മുനിസിപ്പാലിറ്റിയിലും ആദ്യഘട്ട ഓഡിറ്റിങ് നടത്തും.
സെപ്റ്റംബര്‍ ഒന്നു മുതല്‍ 15 വരെയായിരിക്കും ഓഡിറ്റിങ്. അങ്കണവാടികളുടെ സേവനങ്ങളെക്കുറിച്ച് ഗുണഭോക്താക്കളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുകയും പ്രവര്‍ത്തനത്തില്‍ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പാക്കുകയുമാണ് സോഷ്യല്‍ ഓഡിറ്റിന്റെ ലക്ഷ്യം.
ഇതിലൂടെ ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, ആറുവയസുവരെയുള്ള കുട്ടികള്‍ അടക്കമുള്ളവരുടെ സമഗ്ര വളര്‍ച്ചയും വികാസവും ഉറപ്പാക്കും.
വാര്‍ഡ് മെംബര്‍, കൗണ്‍സിലര്‍, കുടുംബശ്രീ. എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍, അങ്കണവാടിയിലെ മോണിറ്ററിങ് ആന്റ് സപ്പോര്‍ട്ടിങ് കമ്മിറ്റി അംഗം, കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടി, അങ്കണവാടിയിലെത്തുന്ന കുട്ടിയുടെ അമ്മ, ആശാവര്‍ക്കര്‍, ട്രൈബല്‍ പ്രൊമോട്ടര്‍, റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരന്‍ എന്നിവരടങ്ങുന്നതാണ് ഓഡിറ്റ് ടീം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."