മൂന്നു കുട്ടികളുടെ ജീവന് രക്ഷിച്ച ധീരന്മാര്ക്ക് ഇന്ന് ആദരം
കൊണ്ടോട്ടി: കരിങ്കല്‍ ക്വാറി വെള്ളക്കെട്ടിലെ മരണച്ചുഴിയില്‍ നിന്ന് മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയ നാലു സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ക്ക് ഇന്ന് സ്കൂളില്‍ സ്നേഹാദരം. കഴിഞ്ഞ ദിവസം തുറക്കല്‍ ചെമ്മലപ്പറമ്പ് ക്വാറിയില്‍ ചൂണ്ടയിടുന്നതിനിടെ വെള്ളത്തില്‍ വീണ അനു ഷെല്‍ക്ക്(10), മുഹമ്മദ് സാബിത്ത്(11), ബാസിത്(12)എന്നീ മുന്നു കുട്ടികളെ രക്ഷപ്പെടുത്തിയ കൊണ്ടോട്ടി തുറക്കല്‍ ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളായ ഷിബിന്‍ സല്മാന്(14), മുഹമ്മദ് ഷിബില്‍(13), പി.മുഹമ്മദ് റിന്‍ഷാദ്(13), ജാസിം(15) എന്നിവരെയാണ് സഹപാഠികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ആദരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തുറക്കല്‍ ചെമ്മലപ്പറമ്പ് റോഡരികളിലെ ക്വാറിയില്‍ മൂന്ന് കുട്ടികള്‍ അപകടകത്തില്പെട്ടത്. ക്വാറിയില്‍ ചൂണ്ടയിടുന്നതിനിടെയായിരുന്നു അപകടം.അനു ഷെല്ക്കും, മുഹമ്മദ് സാബിത്തും ക്വാറിയില്‍ വീണതോടെ അവരെ രക്ഷിക്കാനിറങ്ങിയ ബാസിതും അപകടത്തില്‍ പെട്ടു. ഇത് കണ്ട ക്വാറിയിലുണ്ടായിരുന്ന സ്ത്രീകളുടെ നിലവിളി കേട്ടത്തെയതായിരുന്നു വിദ്യാര്‍ഥികളായ ഷിബിന്‍ സല്മാന്, മുഹമ്മദ് ഷിബില്‍, പി.മുഹമ്മദ് റിന്‍ഷാദ്, ജാസിം എന്നിവര്‍. സമീപത്തുള്ള ഐ.സി.ഡി.എസ് ഓഫിസിലെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തുവരികയായിരുന്നു നാലുപേരും. അപകടം കണ്ട് ഉടന്‍ ഇവര്‍ വെള്ളത്തിലേക്ക് എടുത്ത് ചാടി മൂന്ന് പേരേയും കരക്കെത്തിച്ചു.നാട്ടുകാരുടെ സഹോയത്തോടെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. മൂന്ന് പേരും സുഖം പ്രാപിച്ചുവരികയാണ്. അല്‍ഹിദായ സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് അപകടത്തില്‍ പെട്ട അനു ഷെല്‍ക്ക്.കൊണ്ടോട്ടി ജി.എം.യു.പി സ്കൂളിലെ ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് സാബിതും,ബാസിതും.
ചടങ്ങില്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ ധീരന്മാര്‍ക്കുള്ള ഉപഹാരം സമര്‍പ്പിക്കും. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി.എ സതീഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് യു.കെ മമ്മദിശ സംബന്ധിക്കും. വിദ്യാര്‍ഥികളെ പ്രധാനാധ്യാപകന് പി.ടി ഇസ്മാഈല്‍ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."