എല്ലാവരുടെയും ജീവിത നിലവാരം ഉയര്‍ത്തുന്ന പ്രക്രിയയാകണം ശരിയായ വികസനം: പ്രൊഫ സി. രവീന്ദ്രനാഥ്
വൈക്കം: ഒരു പ്രദേശത്തെ എല്ലാ മനുഷ്യരുടെയും, പ്രത്യേകിച്ച് പാവപ്പെട്ടവരുടെ ജീവിത നിലവാരം പടിപടിയായി ഉയര്‍ത്തുന്ന പ്രക്രിയയാകണം ശരിയായ വികസനമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഇതിന് കൃത്യമായ പ്ലാനിങ്ങും മുന്‍ഗണന നിശ്ചയിക്കലും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. വൈക്കം നിയോജക മണ്ഡലത്തിന്റെ വികസന നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനു വേണ്ടി സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വികസനത്തിന്റെ നിര്‍വചനം സമ്പത്ത് വര്‍ധിപ്പിക്കുക എന്നതാണ്. അത് മുഴുവന്‍ ജനങ്ങളുടെയും വികസനമാകില്ല. ചിലര്‍ വളരുകയും ചിലര്‍ തളരുകയും ചെയ്യുമെന്നതാണ് ഈ വികസന മാതൃകയുടെ പ്രധാന ന്യൂനത. മാനവ വിഭവശേഷിയുടെ വികസന നിലവാരത്തില്‍ ഇന്‍ഡ്യ 130-ാം സ്ഥാനത്താണ്. സമ്പത്ത് ഏതാനും കുറെയാളുകള്‍ മാത്രം കൈയ്യാളുന്നതിന്റെ പ്രശ്‌നമാണിതെന്നും അദ്ദേഹം പറഞ്ഞു.
സത്യാഗ്രഹ സ്മാരക ഹാളില്‍ ചേര്‍ന്ന വികസന സെമിനാറില്‍ സി.കെ ആശ എം.എല്‍.എ അധ്യക്ഷയായി. അഡ്വ. പി.കെ ഹരികുമാര്‍ മോഡറേറ്ററായിരുന്നു. പി. സുഗതന്‍ സ്വാഗതം പറഞ്ഞു. കെ. അജിത്ത് എക്‌സ് എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, റ്റി.എന്‍ രമേശന്‍, കെ.ഡി വിശ്വനാഥന്‍, കെ. അരുണന്‍, ഇ.എം കുഞ്ഞുമുഹമ്മദ്, അക്കരപ്പാടം ശശി, പി.ജി ഗോപി, പി.ജി ബിജികുമാര്‍, കലാ മങ്ങാട്ട്, നിര്‍മ്മലാ ഗോപി, എം. അബു പ്രസംഗിച്ചു. വിവിധ വിഷയങ്ങളെ കുറിച്ച് എം.ഡി ബാബുരാജ്, കെ. ശെല്‍വരാജ്, കെ. അജിത്ത് വിഷയാവതരണം നടത്തി.
ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികള്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ സെമിനാറില്‍ പങ്കെടുത്തു. സെമിനാറില്‍ ഉരുത്തിരിഞ്ഞു വന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."