പ്രതികള്‍ തിരികെ കോടതിയില്‍
പയ്യന്നൂര്‍: റിട്ട. ഉദ്യോഗസ്ഥന്‍ പി. ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്ത കേസില്‍ പ്രതികളായ അഡ്വ. കെ.വി ശൈലജയെയും ഭര്‍ത്താവ് പി. കൃഷ്ണകുമാറിനെയും തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി. ഏഴു ദിവസത്തെ തെളിവെടുപ്പിനു ശേഷമാണ് പ്രതികളെ ഇന്നലെ ഉച്ചയോടെ പയ്യന്നൂര്‍ സി.ഐ എം.പി ആസാദും സംഘവും പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചത്.
സ്വത്ത് തട്ടിയെടുക്കുന്നതിനും വ്യാജരേഖകള്‍ ഉണ്ടാക്കാനും അഭിഭാഷകയ്ക്കും ഭര്‍ത്താവിനും സഹായം നല്‍കിയ വ്യക്തിയെ പൊലിസ് കണ്ടെത്തുകയും ഇയാളെ ഇന്നലെ രാവിലെയോടെ സി.ഐ ഓഫിസില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഒസ്യത്തിലും ആധാരത്തിലും പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റിലും ഒപ്പിട്ടതായും അഭിഭാഷക ഒരുലക്ഷം രൂപയോളം നല്‍കാനുണ്ടെന്നും ഇയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. 26 പേജുള്ള റിപ്പോര്‍ട്ടും പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു. ബാലകൃഷ്ണന്റെ സ്വത്തും അവകാശങ്ങളും തട്ടിയെടുക്കാനായി ബാലകൃഷ്ണന്റെ ഭാര്യയായി അഭിഭാഷക തന്റെ സഹോദരി കെ.വി ജാനകിയെ വ്യാജരേഖകളുണ്ടാക്കി അഭിഭാഷകയുടെ
പേരില്‍ ഒസ്യത്ത് എഴുതി രജിസ്റ്റര്‍ ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തി. ശൈലജ 2012ല്‍ ആസൂത്രിതമായി കെ.വി ജാനകയില്‍ നിന്നു ഒസ്യത്ത് നേടിയെടുത്തു. തൃച്ചംബരത്തെ ഡോ. കുഞ്ഞമ്പു നായരുടെ സ്വത്തുക്കളുടെ ആധാരത്തിന്റെ പകര്‍പ്പുകളെടുത്താണ് അഭിഭാഷക ഇത്തരമൊരു തന്ത്രം മെനഞ്ഞതെന്നാണ് പൊലിസ് പറയുന്നത്. ഈ പകര്‍പ്പുകള്‍ ഉപയോഗപ്പെടുത്തി ബാലകൃഷ്ണന് അര്‍ഹമായ കുടുംബ സ്വത്തിലുള്ള അവകാശം ശൈലജയ്ക്ക് കിട്ടത്തക്ക വിധത്തിലാണ് സഹോദരിയായ ജാനകിയെക്കൊണ്ട് ഒസ്യത്ത് അഭിഭാഷകയുടെ പേരിലേക്ക് എഴുതിച്ചത്. ബാലകൃഷ്ണന്‍ മരിച്ച് മൂന്നാം ദിനം ശൈലജയുടെ ഭര്‍ത്താവ് കൃഷ്ണകുമാര്‍ ബാലകൃഷ്ണന്റെ ചെക്ക് ഉപയോഗിച്ച് പയ്യന്നൂര്‍ കാനറാ ബാങ്കില്‍ നിന്നു 55,000 രൂപ പിന്‍വലിക്കാനായി എത്തിയിരുന്നു. എന്നാല്‍ ചെക്കില്‍ ബാലകൃഷ്ണന്റെ ചുണ്ടൊപ്പാണ് വച്ചിരുന്നത്. സംശയം തോന്നിയ ബാങ്ക് അധികൃതര്‍ പണം നല്‍കാതെ ചെക്ക് ചെന്നൈയിലേക്ക് അയച്ചു. പിന്നീട് ചെക്കില്‍ ബാലകൃഷ്ണന്റെ വിരലടയാളം പതിപ്പിക്കുകയും തിരുവനന്തപുരം കാനറ ബാങ്ക് അക്കൗണ്ടിലെ 65,000 രൂപ പിന്‍വലിക്കുകയും ചെയ്തു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സി.ഐ എം.പി ആസാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."