ഓണവിപണിയില്‍ കൈത്തറിയോട് കിടപിടിക്കാന്‍ പാടൂര്‍ പവര്‍ലൂം മുണ്ടുകള്‍
ആലത്തൂര്‍: ഓണ വിപണിയില്‍ പ്രതീക്ഷഅര്‍പ്പിച്ച് കൈത്തറിയോട് കിടപിടിക്കുന്ന തനിമയും ഗുണമേന്മയും വിലക്കുറവുള്ള പാടൂര്‍ ഡബിള്‍മുണ്ടിന് ഊടും പാവും നെയ്യുകയാണ് പാടൂര്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ പവര്‍ലൂം ഇന്‍സ്ട്രിയല്‍ കോഒപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തകര്‍. നാടന്‍ ഡബിള്‍മുണ്ടും കസവ് മുണ്ടും കാവി മുണ്ടുമാണ് ഇവിടെ നിര്‍മിക്കുന്നത്. പതിനഞ്ചോളം പട്ടികജാതി തൊഴിലാളികളാണ് ഇവിടെ ജീവിതത്തിന് പ്രതീക്ഷയുടെ നിറം പകരുന്നത്.
1998 ലാണ് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. എട്ട് സ്ത്രീകളും എഴ് പുരുഷന്മാരുമാണ് തൊഴിലാളികള്‍. ഓഫിസ് കാര്യങ്ങള്‍ക്ക് സെക്രട്ടറിയും ജീവനക്കാരനുമുണ്ട്. സംഘം അംഗങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണസമിതിക്കാണ് ഭരണച്ചുമതല. ഇപ്പൊഴത്തെ പ്രസിഡന്റ് വി. സ്വാമിനാഥനാണ്. ഇരുപത് പവര്‍ലൂമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. തമിഴ്‌നാട്ടിലെ സോമനൂരില്‍ നിന്ന് കോട്ടന്‍ നൂല്‍ കൊണ്ടുവന്ന് നെയ്യുകയാണ്.
ഇരുന്നൂറ് മുണ്ട് വരെ ഒരു ദിവസം ഉല്‍പാദിപ്പിക്കാം. ഇടക്കിടെയുള്ള വൈദ്യുതി മുടക്കം ഇതിന് തടസമാകാറുണ്ട്. ക്രീം കളര്‍ ഡബിള്‍ മുണ്ട് 180 മുതല്‍ 200 രൂപവരെ വരെയാണ് വില. കസവ് മുണ്ടിന് 200 രൂപയും കാവിമുണ്ടിന് 150 രൂപയുമാണ്. മൊത്ത വിലയാണിത്. ചില്ലറ വില്‍പനയും മൊത്ത വില്‍പനയും ഒരേ വിലക്ക് തന്നെയാണ്. തുണിക്കടക്കാരും ഇതര നെയ്ത്ത് സ്ഥാപനങ്ങളുമാണ് പ്രധാനമായും മുണ്ട് വാങ്ങുന്നവര്‍. മതസ്ഥാപനങ്ങളും വ്യക്തികളും വസ്ത്രദാനത്തിനും മതപരമായ ചടങ്ങുകള്‍ക്കും കൂടുതല്‍ ഓര്‍ഡര്‍ നല്‍കാറുണ്ട്. നാടന്‍ മുണ്ടിന്റെ തനിമയും ഗുണ നിലവാരവും കൈത്തറി മുണ്ടിനേക്കാള്‍ വിലക്കുറവുമാണ് ഓണ വിപണിയില്‍ പാടൂര്‍ മുണ്ടിനെ പ്രിയമാക്കുന്നത്.
വലിയ ലാഭനഷ്ടമില്ലാതെ പ്രവര്‍ത്തനം നടക്കുന്നതായി സെക്രട്ടറി സി. നടരാജന്‍ പറഞ്ഞു. സംഘം അംഗങ്ങളായ പട്ടികജാതി കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാനാകുന്നതാണ് പ്രധാന നേട്ടമായി കരുതുന്നത്. അവര്‍ക്ക് ഇതുകൊണ്ട് ജീവിതത്തിന് സ്വാശ്രയത്വത്തിന്റെ നിറം പകരാനാകുന്നു. കോട്ടന്‍ സാരി ഉല്‍പാദനം ആരംഭിക്കുകയും പാടൂരിന്റെ സ്വന്തം ബ്രാന്റില്‍ ഡബിള്‍ മുണ്ട് വിപണിയിലെത്തിക്കുകയുമാണ് സംഘം പ്രവര്‍ത്തകരുടെ സ്വപ്നങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."