സര്‍ക്കാര്‍ വാദം പൊളിഞ്ഞു; 1000 രൂപയുടെ നോട്ടുകള്‍ തിരിച്ചെത്താത്തത് വെറും 1.3 ശതമാനം മാത്രം
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു ശേഷം തിരിച്ചെത്തിയ 1000 രൂപയുടെ നോട്ടുകളുടെ കണക്ക് ആര്.ബി.ഐ പുറത്തുവിട്ടു. പിന്‍വലിക്കുമ്പോള്‍ ഉണ്ടായിരുന്ന ആയിരം രൂപയുടെ 6700 മില്യണ്‍ (6.7 ബില്യണ്‍) നോട്ടുകളില്‍ 89 മില്യണ്‍ നോട്ടുകള്‍ മാത്രമാണ് തിരിച്ചെത്താത്തത്. ബാക്കിയുള്ള എല്ലാ നോട്ടുകള്‍ക്കും പകരം നോട്ടുകള്‍ വാങ്ങുകയോ ബാങ്കില്‍ നിക്ഷേപിക്കുകയോ ചെയ്തിട്ടുണ്ട്. ആര്.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പിന്‍വലിച്ച ആയിരത്തിന്റെ നോട്ടുകളില്‍ 1.3 ശതമാനം മാത്രമാണ് തിരിച്ചുലഭിക്കാത്തതെന്ന് കണക്കില്‍ വിശദീകരിക്കുന്നു. നോട്ട് നിരോധത്തിനു ശേഷം പുതിയ നോട്ടുകളുടെ പ്രിന്റിങിന് ഇരട്ടി തുക ചെലവായെന്നും റിപ്പോര്‍ട്ടിലുണ്ട്. 3,421 കോടി രൂപ ചെലവായിടത്ത് 7,965 കോടി രൂപയാണ് ഇതിനു വേണ്ടി ചെലവഴിച്ചത്.
അതേസമയം, നവംബര്‍ 9 ന്റെയും ഡിസംബര്‍ 31 ന്റെയും ഇടയില്‍ പുതുതായി 2380 കോടി നോട്ടുകളാണ് (5.54 ലക്ഷം കോടി രൂപയുടെ) വിതരണം ചെയ്തത്.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകള്‍ വ്യാപകമാണെന്നും ഇതു തടയാന്‍ വേണ്ടിയാണെന്നും പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം കൊണ്ടുവന്നത്. എന്നാല്‍ വെറും 1.3 ശതമാനം നോട്ടുകള്‍ മാത്രമാണ് ആയിരം രൂപയുടേത് ലഭിക്കാനുള്ളതെന്ന കണക്ക് പുറത്തുവരുന്നതോടെ സര്‍ക്കാര്‍ വാദം പൊളിയുകയാണ്. ഇതിനു വേണ്ടി ചെലവഴിച്ചതാവട്ടെ, പതിവിലും ഇരട്ടി തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."