അവധി ദിനങ്ങളിലെ അനധികൃത നിര്‍മാണം തടയാന്‍ സ്‌ക്വാഡ്
തിരുവനന്തപുരം: അവധിദിനങ്ങളിലെ അനധികൃത നിര്‍മാണം തടയാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. നഗരസഭകളില്‍ സെക്രട്ടറി, എന്‍ജിനീയര്‍, കെട്ടിട നിര്‍മാണാനുമതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, നഗര, ഗ്രാമാസൂത്രണ വകുപ്പിലെ ജില്ലാ ടൗണ്‍പ്ലാനര്‍, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍, ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന്റെ ചുമതലയുള്ള റീജ്യനല്‍ ജോയിന്റ് ഡയറക്ടര്‍ ഓഫ് മുനിസിപ്പാലിറ്റീസ് എന്നിവരാണ് സ്‌ക്വാഡിലുള്ളത്.
പഞ്ചായത്തുകളില്‍ സെക്രട്ടറി, എന്‍ജിനീയര്‍, ഓവര്‍സിയര്‍, കെട്ടിട നിര്‍മാണാനുമതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, നഗര, ഗ്രാമാസൂത്രണ വകുപ്പിലെ ജില്ലാ ടൗണ്‍ പ്ലാനര്‍, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍, ബന്ധപ്പെട്ട ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരാണ് സ്‌ക്വാഡിലുള്ളത്.
അവധി ദിവസങ്ങളില്‍ അനധികൃത നിര്‍മാണങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ്. നിര്‍മാണങ്ങളുണ്ടായാല്‍ പരിശോധന നടത്തി നിര്‍ത്തിവയ്പ്പിക്കാന്‍ സ്‌ക്വാഡ് നടപടി സ്വീകരിക്കും.
നോട്ടിസ് നല്‍കിയിട്ടും നിര്‍ത്തിവച്ചില്ലെങ്കില്‍ പൊലിസ് സഹായം തേടുകയും റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുകയും ചെയ്യണം. അനധികൃത നിര്‍മാണങ്ങളുടെ ഫോട്ടോ ജില്ലാ ടൗണ്‍ പ്ലാനര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ചീഫ് ടൗണ്‍ പ്ലാനര്‍ക്കും അയച്ചുകൊടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."