'ഹൃദ്യം' പദ്ധതി കോഴിക്കോട്ടും നടപ്പിലാക്കും: മന്ത്രി കെ.കെ ശൈലജ
കോഴിക്കോട്: ഹൃദയസംബന്ധമായ അസുഖമുള്ള 18 വയസുവരെയുള്ള കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യമായ ചികിത്സ നല്‍കുന്ന സര്‍ക്കാരിന്റെ 'ഹൃദ്യം' പദ്ധതി കോഴിക്കോട്ടും നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.
കോഴിക്കോട് ബീച്ചിലെ ഗവ. നഴ്‌സിങ് സ്‌കൂളില്‍ അനുയാത്രാ മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റിന്റെയും സ്‌കില്‍ ലാബിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. പാരമ്പര്യമായ ഹൃദ്രോഗം കാരണം ജനിച്ചയുടന്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ളതാണ് 'ഹൃദ്യം'. പദ്ധതിയുടെ വെബ്‌സൈറ്റില്‍ (വേേു:ംംം.വൃശറ്യമാ.ശി) രജിസ്റ്റര്‍ ചെയ്താല്‍ 24 മണിക്കൂറിനകം പാനല്‍ ചെയ്ത ആശുപത്രികളിലെത്തിച്ച് ശസ്ത്രക്രിയ ചെയ്യാന്‍ കഴിയും.
ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി തിരുവനന്തപുരം, ഗവ. മെഡിക്കല്‍ കോളജ് കോട്ടയം, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കൊച്ചി, ആസ്റ്റര്‍ മെഡിസിറ്റി കൊച്ചി, ലിസി ഹോസ്പിറ്റല്‍ കൊച്ചി, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് തിരുവല്ല എന്നിവയാണ് പാനലിലുള്ള ആശുപത്രികള്‍. സ്വകാര്യ ആശുപത്രികളിലെ ശസ്ത്രക്രിയക്ക് സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കും. ഗവ. നഴ്‌സിങ് സ്‌കൂളില്‍ ആരംഭിച്ച സ്‌കില്‍ ലാബില്‍ വിദഗ്ധ മാതൃകകള്‍ ഉപയോഗിച്ചുള്ള പഠനത്തിനുള്ള സംവിധാനമാണുള്ളത്. രോഗാവസ്ഥയുടെ നേരിട്ടുള്ള പരിശോധന, മരുന്നുകള്‍, പരിഹാര മാര്‍ഗം എന്നിവ മുന്‍നിര്‍ത്തിയുള്ള പഠനം എന്നിവയാണ് ഉദ്ദേശിക്കുന്നത്.
കുട്ടികളിലെ വൈകല്യങ്ങള്‍ നേരത്തെ പരിശോധിച്ചു കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അനുയാത്ര പദ്ധതിയില്‍ ആറു ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഒരു മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റ് എന്ന നിലയിലാണ് ആരംഭിക്കുന്നത്. കുന്ദമംഗലം ബ്ലോക്കില്‍ പി.എച്ച്.സി കുന്ദമംഗലം, കൊടുവള്ളി ബ്ലോക്കില്‍ താലൂക്ക് ആശുപത്രി താമരശ്ശേരി, ചേളന്നൂര്‍ ബ്ലോക്കില്‍ സി.എച്ച്.സി നരിക്കുനി, ബാലുശ്ശേരി ബ്ലോക്കില്‍ താലൂക്ക് ആശുപത്രി ബാലുശ്ശേരി, കോഴിക്കോട് ബ്ലോക്കില്‍ താലൂക്ക് ആശുപത്രി ഫറോക്ക്, കുന്നുമ്മല്‍ ബ്ലോക്കില്‍ താലൂക്ക് ആശുപത്രി കുറ്റ്യാടി എന്നിവയിലാണ് ആരംഭിക്കുന്നത്.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ അഡ്വ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത, സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, ആര്‍.സി.എച്ച് സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. നിതാ വിജയന്‍, ആര്‍.ബി.എസ്.കെ സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ. പി.വി അരുണ്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ. ബിജോയ്, ഡി.എം.ഒ ഡോ. വി. ജയശ്രീ, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ടി.പി സാറാമ്മ, സാമൂഹിക സുരക്ഷ മിഷന്‍ റീജ്യനല്‍ ഡയറക്ടര്‍ ഭാമിനി, പ്രിന്‍സിപ്പല്‍ ഇ.എ മറിയക്കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."