പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ബിവറേജിന് മുന്നില്‍ കൗണ്‍സിലര്‍മാരുടെ സമരം
കുന്നംകുളം: കുന്നംകുളം യേശുദാസ് റോഡില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ബിവറേജിന് മുന്നില്‍ കൗണ്‍സിലര്‍മാരുടെ സമരം. അനധികൃത കെട്ടിടത്തില്‍ ഹൈക്കോടതി വിധി ലംഘിച്ച് നടത്തുന്ന ബിവറേജിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപെട്ടായിരുന്ന പ്രതിഷേധം.
കോണ്‍ഗ്രസ്സ്, ആര്‍.എം.പി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന സമരത്തിന്റെ തുടര്‍ച്ചയെന്നോണം രാവിലെ 9.30 ഓടെയെത്തിയ കൗണ്‍സിലര്‍മാര്‍ കെട്ടിടത്തിന്റെ മുന്‍പില്‍ നിലയുറപ്പിച്ചെങ്കിലും ജീവനക്കാരെ തടയുകയോ മറ്റോ ചെയ്തിരുന്നില്ല. ഇതിനിടയില്‍ പൊലിസെത്തി സംരക്ഷണം ഉറപ്പു നല്‍കിയതോടെ ബിവറേജ് പ്രവര്‍ത്തനം ആരംഭിച്ചു.
സൈക്കിള്‍ കടയ്ക്കുള്ള ലൈസന്‍സ് മാത്രമാണ് നിലവില്‍ കെട്ടിടത്തിനുള്ളതെന്നും നിലവില്‍ ബിവറേജ് നില്‍ക്കുന്ന ഭാഗം യാതൊരു അനുമതിയുമില്ലാതെ നിര്‍മിച്ചതാണെന്നുമാണ് പ്രധാന ആരോപണം. ഒപ്പം ഡെയ്ഞ്ചറസ് ആന്‍ഡ് ഒഫന്‍സ് ലൈസന്‍സ് മദ്യവില്‍പനശാലക്ക് നിര്‍ബന്ധമാണെന്നിരിക്കെ ഇതിനായുള്ള യാതൊരു ക്രമീകരണങ്ങളും നടന്നിട്ടില്ല. പെട്രോള്‍ പമ്പുകള്‍ക്ക് സമാനമായ സുരക്ഷ ക്രമീകരണങ്ങള്‍ മദ്യവില്‍പന ശാലക്കും വേണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഈ ഉത്തരവ് കാട്ടി പൊലിസ്, നഗരസഭ, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ഭരണ സ്വാധീനം ഉപയോഗിച്ച് നിയമങ്ങളെ മറികടന്ന് കച്ചവടം ആരംഭിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
തൊട്ടടുത്ത് വീടുകള്‍, പ്രാര്‍ത്ഥനാലയം ഉണ്ടായിരുന്നിട്ടു കൂടി യാതൊരു അനുമതിയും നേടാതെയാണ് മദ്യവില്‍പന ശാല പ്രവര്‍ത്തിക്കാന്‍ മൗനാനുവാദം നല്‍കിയതെന്നും ഇവര്‍ ആരോപിച്ചു. കുന്നംകുളം സി.ഐ രാജേഷ് കെ മേനോന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
വിഷയം ജനങ്ങളുടെ ശ്രദ്ധയിലെത്തിക്കുകയും ഒപ്പം നിയമ പോരാട്ടം നടത്തുമെന്നും കൗണ്‍ിസലര്‍മാര്‍ പറഞ്ഞു.
ആര്‍.എം.പി അംഗങ്ങളായ സോമന്‍, ബിനീഷ്, ബീനാ രവി, കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ ബിജു സി. ബേബി, തോമാസ്, ബീനാ എന്നിവരായിരുന്നു പ്രതിഷേധവുമായി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."