ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി: നൂറുദിനം തൊഴില്‍ നല്‍കാതെ സംസ്ഥാനത്തെ 10 പഞ്ചായത്തുകള്‍
കൊണ്ടോട്ടി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഒരാള്‍ക്കുപോലും നൂറുദിനം തൊഴില്‍ നല്‍കാതെ സംസ്ഥാനത്ത് 10 പഞ്ചായത്തുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 11, 3187 കുടുംബങ്ങളാണ് സംസ്ഥാനത്ത് നൂറുദിനം തൊഴില്‍ പൂര്‍ത്തിയാക്കിയത്.
കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ടുവീതം പഞ്ചായത്തും, കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഓരോ പഞ്ചായത്തുമാണ് ഒരാള്‍ക്കുപോലും നൂറുദിനം നല്‍കാന്‍ കഴിയാത്ത പഞ്ചായത്തുകളുടെ പട്ടികയിലുള്ളത്. നൂറുദിനം തികച്ച കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 1000 രൂപ ഓണബോണസ് നല്‍കുന്നുണ്ട്.
തൊഴിലുറപ്പില്‍ തൊഴില്‍ നല്‍കുന്നതില്‍ കോഴിക്കോട് ജില്ലയിലെ വടകര ബ്ലോക്കാണ് സംസ്ഥാനത്ത് ഏറ്റവും പിറകിലുള്ളത്. നാലു പഞ്ചായത്തുകളുള്ള വടകര ബ്ലോക്കില്‍നിന്ന് ആകെ 50 പേര്‍ക്കാണ് നൂറുദിനം തികക്കാനായത്. ഇതില്‍ ഏറാമല, ഒഞ്ചിയം പഞ്ചായത്തുകളില്‍ ആര്‍ക്കും ലഭിച്ചിട്ടില്ല. അഴിയൂര്‍ പഞ്ചായത്തില്‍നിന്ന് അഞ്ചുപേരും, ചോറോടുനിന്ന് 45 പേര്‍ക്കുമാണ് അവസരം. മലപ്പുറം ജില്ലയിലെ വേങ്ങര, പെരിന്തല്‍മണ്ണ ബ്ലോക്കുകള്‍ക്ക് കീഴിലുളള ഊരകം, താഴേക്കോട്, കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ ബ്ലോക്കിലെ വളപട്ടണം, തളിപ്പറമ്പ് ബ്ലോക്കിലെ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളിലും നൂറുദിനം തികച്ചവരാരുമില്ല.
കോട്ടയം ജില്ലയിലെ ലാലം ബ്ലോക്കിലെ മീനച്ചില്‍ പഞ്ചായത്ത്,കൊല്ലം ശാസ്താംകോട്ട ബ്ലോക്കല്‍ കുന്നത്തൂര്‍,പത്തനംതിട്ട കോന്നി ബ്ലോക്കിലെ അരവാപ്പുലം, ഇടുക്കി ദേവികുളം ബ്ലോക്കിലെ മൂന്നാര്‍ പഞ്ചായത്തുകളിലും നൂറുദിനം തികച്ച കുടുംബങ്ങളില്ല.
ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കിയ തിരുവനന്തപുരം ജില്ലയില്‍നിന്ന് 20,882 കുടംബങ്ങളാണ് നൂറുദിനത്തില്‍ ഉള്‍പ്പെട്ടത്. 1592 കുടംബങ്ങള്‍ക്ക് നൂറ് തൊഴില്‍ ദിനം നല്‍കിയ ജില്ലയിലെ പെരുംകടവിള ബ്ലോക്കിലെ കള്ളിക്കാട് പഞ്ചായത്താണ് സംസ്ഥാനത്ത് കൂടുതല്‍ തൊഴില്‍ നല്‍കിയ ഖ്യാതിയുമായി ഒന്നാം സ്ഥാനത്ത്. 1591 പേരുള്‍പ്പെട്ട പൂവ്വച്ചല്‍ പഞ്ചായത്ത് രണ്ടാം സ്ഥാനത്തുമെത്തി.
പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ അഗളി പഞ്ചായത്തില്‍ 1442 പേര്‍ക്കാണ് നൂറുദിനം തൊഴില്‍ ലഭ്യമായത്. ബ്ലോക്ക് അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്കില്‍ നിന്നാണ് കൂടുതല്‍ തൊഴിലാളികള്‍ നൂറുദിനം പൂര്‍ത്തിയാക്കിയത്.
ജില്ലാ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്തുള്ള ആലപ്പുഴ ജില്ലയില്‍നിന്ന് 12,843 പേരും അര്‍ഹത നേടിയപ്പോള്‍ 1883 പേര്‍ മാത്രം അര്‍ഹത നേടിയ കോട്ടയം ജില്ലയാണ് ഏറ്റവും പിറകില്‍. കണ്ണൂരില്‍ 2610 ഉം പത്തനംതിട്ടയില്‍ നിന്ന് 3118 കുടുംബങ്ങള്‍ക്കുമാണ് അവസരം കൈവന്നത്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍നിന്ന് മാത്രമാണ് പതിനായിരത്തിന് മുകളില്‍ കുടുംബങ്ങളെ ഉള്‍പ്പെടുത്താനായത്.
കൊല്ലത്തുനിന്ന് 10,694, തൃശൂര്‍-10,360, പാലക്കാട്-10,359 കുടുംബങ്ങളും നൂറുദിനം തൊഴില്‍ തികച്ചവരാണ്. 12 ബ്ലോക്കുകളുള്ള കോഴിക്കോട് ജില്ലയില്‍നിന്ന് 7345 കുടുംബങ്ങള്‍ക്ക് അവസരം ലഭിച്ചപ്പോള്‍ നാലു ബ്ലോക്കുകള്‍ മാത്രമുള്ള വയനാട്ടില്‍നിന്ന് 7395 കുടുംബങ്ങളാണ് നൂറുദിനം തികച്ച് മുന്നേറിയത്. മറ്റുജില്ലകളില്‍ നൂറുദിനം തികച്ച് സര്‍ക്കാര്‍ പാരിതോഷികം ലഭിക്കുന്ന കുടുംബങ്ങളുടെ കണക്ക് ഇങ്ങിനെ. കാസര്‍കോട്-7129, എറണാകുളം-6277. ഇടുക്കി-5576 കുടുംബങ്ങള്‍ക്കും ഓണത്തിന് ആയിരം രൂപ പാരിതോഷികം കിട്ടും.
4741 കുടംബങ്ങള്‍ക്ക് നൂറുദിനം തൊഴില്‍ നല്‍കിയ കൊല്ലം ജില്ലയിലെ ചടയമംഗലമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കിയ ബ്ലോക്ക് പഞ്ചയാത്ത്.
തൊട്ടുപിറകില്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് (4224), പെരുംകടവിള (3787) ബ്ലോക്കുകളാണ്. ഈ മൂന്ന് ബ്ലോക്കുകള്‍ക്കും പിറകിലാണ് കോട്ടയം, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളുടെ സ്ഥാനമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."