ഹൗസ്‌ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത് ജീവന്‍രക്ഷാ ഉപകരണങ്ങളില്ലാതെ
തിരുവനന്തപുരം: സംസ്ഥാനത്തെ ഹൗസ് ബോട്ടുകളില്‍ പലതും പ്രവര്‍ത്തിക്കുന്നത് ആവശ്യമായ ജീവന്‍രക്ഷാ, അഗ്നിശമന ഉപകരണങ്ങളില്ലാതെ. ഇത് യാത്രികരുടെ സുരക്ഷിതത്വത്തിന് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഹൗസ്‌ബോട്ടുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തയത്.
അടിയന്തര ഘട്ടങ്ങളില്‍ പെട്ടെന്ന് ഉപയോഗിക്കാന്‍ ഓരോ യാത്രക്കാരനും ജീവനക്കാരനും ഒരു ലൈഫ് ജാക്കറ്റ് വീതവും കൂടാതെ രണ്ടു വ്യക്തികള്‍ക്ക് ഒരു ലൈഫ്‌ബോയ് വീതവും ബോട്ടുകളില്‍ യഥാസ്ഥാനത്ത് സജ്ജീകരിച്ചിരിക്കണമെന്നു ചട്ടം അനുശാസിക്കുന്നുണ്ട്.
എന്നാല്‍ ഇതു പാലിക്കപ്പെടുന്നുണ്ടോ എന്ന് കണ്ടെത്താനായി 42 ഹൗസ്‌ബോട്ടുകളില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 23 എണ്ണത്തില്‍ ഇതൊന്നും ആവശ്യത്തിന് ഇല്ലെന്നു കണ്ടെത്തി. ഇതില്‍ 11 എണ്ണം ഒരു ലൈഫ് ജാക്കറ്റോ ഒരു ലൈഫ് ബോയിയോ പോലുമില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്.
ചില ഹൗസ്‌ബോട്ടുകളില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഫലപ്രദമായ രീതിയിലല്ല സൂക്ഷിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ എടുക്കാനാവാത്ത വിധം മുകള്‍ത്തട്ടില്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സര്‍വേ സമയത്ത് ആവശ്യമായ തരത്തിലും എണ്ണത്തിലും ജീവന്‍രക്ഷാ ഉപകരണങ്ങളുണ്ടെന്ന് ഉറപ്പുവരുത്താറുള്ളതായി ആലപ്പുഴ പോര്‍ട്ട് ഓഫിസര്‍ മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരിശോധന കഴിഞ്ഞാല്‍ ചിലര്‍ ഇത് എടുത്തുമാറ്റുന്നതായും ഇതു കണ്ടെത്താന്‍ മിന്നല്‍ പരിശോധനകള്‍ വേണ്ടിവരുമെന്നും മറുപടിയിലുണ്ട്. എന്നാല്‍ ഈ മറുപടി സ്വീകാര്യമല്ലെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൗസ് ബോട്ടുകളില്‍ അംഗീകൃത മാതൃകിലുള്ള അഗ്നിശമന ഉപകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നും തീയുടെയും പുകയുടെയും മുന്നറിയിപ്പ് നല്‍കുന്ന ഉപകരണങ്ങള്‍ ഗാലറിയിലും എന്‍ജിന്‍ മുറിയിലും സ്ഥാപിക്കണമെന്നും ഫയര്‍ പമ്പ് പ്രധാന ഡെക്കില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ എല്‍.പി.ജി സംവിധാനത്തില്‍ ഗ്യാസ് ഫ്യൂസോ സ്പാര്‍ക്ക് അറസ്റ്ററോ സ്ഥാപിക്കണമെന്നും വ്യവസ്ഥയുണ്ട്.
എന്നാല്‍ പരിശോധിച്ച 42 ഹൗസ് ബോട്ടുകളില്‍ 38 എണ്ണത്തില്‍ തീയുടെയും പുകയുടെയും മുന്നറിയിപ്പു നല്‍കുന്ന ഉപകരണങ്ങളും 33 എണ്ണത്തില്‍ ഫയര്‍ പമ്പുകളും ഘടിപ്പിച്ചിരുന്നില്ല. ഒരു ഹൗസ് ബോട്ടില്‍ പോലും എല്‍.പി.ജി സിലിണ്ടറിന് ആവശ്യമായ ഗ്യാസ് ഫ്യൂസോ സ്പാര്‍ക്ക് അറസ്റ്ററോ സ്ഥാപിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പരിശോധനാവേളയില്‍ ഒരു ഹൗസ് ബോട്ടിനു തീപിടിക്കുകയുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."