പട്ടാളവും പൊലിസും ഒന്നിച്ചു; മൂന്നേക്കര്‍ ഭൂമി പോര്‍ക്കളമാക്കി
വണ്ടൂര്‍: അധ്വാനിക്കാന്‍ മനസുണ്ടെങ്കില്‍ ഭൂമി കനിയുമെന്ന വിശ്വാസം കൈമുതലാക്കി വിത്തെറിഞ്ഞു റിട്ടയേര്‍ഡ് എസ്.ഐയും വിമുക്തഭടനും. വണ്ടൂര്‍ കാപ്പില്‍ സ്വദേശികളായ റിട്ടയേര്‍ഡ് എസ്.ഐ പള്ളിയാളി കേശവനും വിമുക്തഭടനായ കാരോട്ട് കൃഷ്ണന്‍ കുട്ടിയുമാണു സേനകളിലെ ജീവിതത്തിനു ശേഷം കൃഷിയുടെ പച്ചപ്പിനു വേണ്ടി ഒരുമിച്ചത്.
16 വര്‍ഷം പട്ടാളത്തിലായിരുന്നു കൃഷ്ണന്‍ കുട്ടി. 26 വര്‍ഷം പൊലിസ് സര്‍വിസാണ് കേശവനുള്ളത്. ഇരുവര്‍ക്കും കുട്ടിക്കാലത്തു തന്നെ കൃഷിയോട് കടുത്ത താല്‍പര്യമായിരുന്നു. എന്നാല്‍ നിയമപാലനത്തിലായി വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കേണ്ടി വന്നതിനാല്‍ മണ്ണും കൃഷിയും മനസ്സില്‍ നിന്നും മാറ്റി വക്കേണ്ടി വന്നു. സേവനകാലം അവസാനിച്ചതോടെ രണ്ടുപേരും കൃഷിയിലേക്കു തിരിയുകയായിരുന്നു.
പാട്ടത്തിനെടുത്ത മൂന്നേക്കര്‍ സ്ഥലത്താണ് ഓണ വിപണി ലക്ഷ്യം വച്ചുള്ള കൃഷി തഴച്ചു വളരുന്നത്. മത്തന്‍, കുമ്പളം, പയര്‍, വെള്ളരി, ചെരങ്ങ, വെണ്ട എന്നിവയാണു കൃഷിയിറക്കിയിരിക്കുന്നത്. തികച്ചും ജൈവവളംചേര്‍ത്തുള്ള കൃഷിയായതിനാല്‍ വിപണി നോക്കി അലയേണ്ടകാര്യമില്ലെന്ന് ഇവര്‍ പറയുന്നു. വണ്ടൂര്‍ കൃഷി ഓഫീസര്‍ കെ.സുബൈര്‍ബാബു എല്ലാ വിധ സഹായവും നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."