ആസ്ത്രേലിയക്ക് ജയം; പരമ്പര സമനിലയില്‍
ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്ത്രേലിയക്ക് ഏഴ് വിക്കറ്റ് വിജയം. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര 1-1ന് സമനിലയില്‍ അവസാനിപ്പിക്കാനും വിജയത്തോടെ ഓസീസിന് സാധിച്ചു. വിജയ ലക്ഷ്യമായ 85 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുത്ത് ഓസീസ് മറികടന്നു. ബംഗ്ലാദേശ് ആദ്യ ഇന്നിങ്സില്‍ 305ഉം രണ്ടാം ഇന്നിങ്സില്‍ 157 റണ്‍സെടുത്തു. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് 377 റണ്‍സില്‍ അവസാനിച്ചിരുന്നു.
രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ നതാന്‍ ലിയോണിന്റെ മാരക സ്പിന്നിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ബംഗ്ലാദേശിന് കാര്യമായ റണ്‍സ് കണ്ടെത്താന്‍ കഴിയാഞ്ഞത് തിരിച്ചടിയായി. നേരത്തെ ആദ്യ ഇന്നിങ്സില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ ലിയോണ്‍ 13 വിക്കറ്റുകളാണ് രണ്ടിന്നിങ്സിലുമായി കൊയ്തത്. 31 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹീമാണ് ടോപ് സ്കോറര്‍. അനായാസ വിജയത്തിലേക്ക് ബാറ്റേന്തിയ ആസ്ത്രേലിയക്ക് റെന്‍ഷോ (22), വാര്‍ണര്‍ (എട്ട്), ക്യാപ്റ്റന്‍ സ്മിത്ത് (16) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഹാന്‍ഡ്സ്കോംപ് (പുറത്താകാതെ 16), മാക്സ്വെല് (പുറത്താകാതെ 25) എന്നിവര്‍ വിജയം പൂര്‍ത്തിയാക്കി. ലിയോണാണ് കളിയിലേയും പരമ്പരയിലേയും താരം. പരമ്പരയുടെ താരമായി ഡേവിഡ് വാര്‍ണറേയും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."