നാസിക് സിവില്‍ ആശുപത്രിയിലും കൂട്ടക്കുരുതി; ഓഗസ്റ്റില്‍ മരിച്ചത് 55 കുട്ടികള്‍
നാസിക്: മഹാരാഷ്ട്രയിലെ നാസിക് സിവില്‍ ആശുപത്രിയിലും കുട്ടികളുടെ കൂട്ടക്കുരുതി. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ഇവിടെ 55 കുട്ടികള്‍ മരിച്ചതായ വിവരം ഇന്നലെയാണ് പുറത്തുവന്നത്. ചികിത്സാ സൗകര്യങ്ങളുടെ കുറവാണ് കുട്ടികളുടെ കൂട്ടമരണത്തിന് ഇടയാക്കിയതെന്നാണ് വിവരം.
ഉത്തര്‍ പ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മതിയായ ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ മരിക്കാനിടയായ സംഭവം വന്‍വിവാദത്തിനാണ് വഴിവച്ചിരുന്നത്. ഇതിനുപിന്നാലെയാണ് മഹാരാഷ്ട്രയിലും കുട്ടികളുടെ മരണത്തെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്.
നാസിക് ജില്ലയിലെ ഗോത്രവര്‍ഗ മേഖല അടക്കമുള്ള 15,582 സ്‌ക്വയര്‍ കി.മീറ്റര്‍ വരുന്ന പ്രദേശത്തുള്ളവര്‍ ആശ്രയിക്കുന്നതാണ് നാസിക് സിവില്‍ ആശുപത്രി. കഴിഞ്ഞ മാസം 346 കുട്ടികളാണ് ചികിത്സയിലുണ്ടായിരുന്നത്. ഇവരില്‍ 55 പേരാണ് മരിച്ചത്. സംസ്ഥാനത്തെ ശിശുമരണ നിരക്ക് ഏഴ് ശതമാനമാണ്. എന്നാല്‍ നവജാത ശിശുക്കളുടെ മരണ നിരക്ക് സംസ്ഥാനത്ത് വലിയതോതിലാണുള്ളത്. അതേസമയം കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ 187 കുട്ടികള്‍ സിവില്‍ ആശുപത്രിയില്‍ മരിച്ചതായാണ് വിവിധ സംഘടനകള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. കുട്ടികളുടെ മരണത്തിന് പ്രധാന കാരണം വെന്റിലേറ്ററുകള്‍ പോലുള്ള വൈദ്യസഹായത്തിന് ഉപകാരപ്രദമായ ഉപകരണങ്ങളുടെ കുറവാണെന്നാണ് വിവരം.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിയമപ്രകാരം ശരാശരി 3000 പ്രസവങ്ങള്‍ നടക്കുന്ന ആശുപത്രിയില്‍ നവജാത ശിശു സംരക്ഷണത്തിനുള്ള പ്രത്യേക യൂണിറ്റുകള്‍ വേണമെന്നാണ് നിയമം.
സ്വകാര്യ ആശുപത്രികള്‍, ഉള്‍നാടന്‍ ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഗുരുതരാവസ്ഥയിലാണ് സിവില്‍ ആശുപത്രിയിലേക്ക് കുട്ടികളെ എത്തിക്കുന്നത്. എന്നാല്‍ ഇവിടെയാകട്ടെ മതിയായ ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന് നാസിക് ജില്ലാ സിവില്‍ ആശുപത്രിയിലെ ഡോക്ടറായ സുരേഷ് ജഗ്ദലെ പറഞ്ഞു. നവജാത ശിശു സംരക്ഷണത്തിനായി 21 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."