കണ്ണന്താനത്തെ കേരള ബി.ജെ.പി സ്വീകരിക്കുന്നത് നീരസം മാറാതെ
തിരുവനന്തപുരം: കേന്ദ്രനേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശത്തിനു വഴങ്ങി ബി.ജെ.പി കേരളഘടകം ഇന്നു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനു സ്വീകരണം നല്‍കുന്നതു നേതാക്കള്‍ക്കിടയിലെ നീരസം മാറാതെ. ഇതു സ്വീകരണ പരിപാടിയുടെ മാറ്റുകുറയ്ക്കുമോയെന്ന ആശങ്കയിലാണു കേന്ദ്രനേതൃത്വം. പരിപാടികളില്‍നിന്നു നേതാക്കളാരും വിട്ടുനില്‍ക്കരുതെന്നു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കണ്ണന്താനത്തെ മന്ത്രിയാക്കിയതു മുതല്‍ കടുത്ത അമര്‍ഷത്തിലാണു സംസ്ഥാനത്തെ പ്രമുഖ നേതാക്കളില്‍ പലരും. സംസ്ഥാനഘടകത്തെ അറിയിക്കാതെ മന്ത്രിയെ തീരുമാനിക്കുകയും സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രധാനനേതാക്കളെ മന്ത്രിസ്ഥാനത്തേയ്ക്കു പരിഗണിക്കാതിരിക്കുകയും ചെയ്തതിലുള്ള പ്രതിഷേധം അവര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.
സംസ്ഥാനഘടകത്തിലെ അഴിമതിയും ചേരിപ്പോരും കാരണമാണ് ഈ തീരുമാനമെടുക്കേണ്ടി വന്നതെന്ന മറുപടിയാണു ലഭിച്ചത്. മെഡിക്കല്‍ കോഴ ആരോപണത്തില്‍ പാര്‍ട്ടിക്കു നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാന്‍ അഴിമതി വിമുക്തനും ഗ്രൂപ്പിന് അതീതനുമായ ഒരാളെ തെരഞ്ഞെടുക്കേണ്ടിവന്നെന്നും കേന്ദ്രനേതൃത്വം അറിയിച്ചിട്ടുണ്ട്. കൂടാതെ ഗ്രൂപ്പിസവും അഴിമതിയും തുടരുന്നവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
സംസ്ഥാന ഘടകം മുന്‍കൈയെടുത്തു കണ്ണന്താനത്തിനു സ്വീകരണം നല്‍കാന്‍ നീക്കമൊന്നുമുണ്ടാവാത്ത സാഹചര്യത്തിലാണു കേന്ദ്ര നേതൃത്വം ഇടപെട്ടത്. ഈ അതൃപ്തിക്കിടയില്‍ ബീഫ് വിഷയത്തില്‍ കണ്ണന്താനം മാറിമാറി നടത്തിയ അഭിപ്രായപ്രകടനങ്ങളും നേതാക്കളിലും പ്രവര്‍ത്തകരിലും അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.
ഇന്നു സംസ്ഥാനത്തെത്തുന്ന കണ്ണന്താനത്തിനു നെടുമ്പാശേരി വിമാനത്താവളത്തിലും മൂവാറ്റുപുഴയിലും ജന്മനാടായ കാഞ്ഞിരപ്പള്ളിയിലുമൊക്കെയായി വലിയ തോതിലുള്ള സ്വീകരണ പരിപാടികളാണ് ബി.ജെ.പി സംസ്ഥാന ഘടകം ആസൂത്രണം ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."