യു.എസ് ഓപണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍: റാഫേല്‍ നദാല്‍- കെവിന്‍ ആന്‍ഡേഴ്‌സന്‍ പോരാട്ടം
ന്യൂയോര്‍ക്ക്: ക്വാര്‍ട്ടറില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററെ കീഴടക്കിയെത്തിയ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ടിന്‍ ഡെല്‍ പോട്രോയെ നിലംപരിശാക്കി ലോക ഒന്നാം നമ്പര്‍ താരം സ്പയിനിന്റെ റാഫേല്‍ നാദാല്‍ യു.എസ് ഓപണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സിന്റെ ഫൈനലില്‍. സീസണിലെ അവസാന ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ ഫൈനലില്‍ നദാല്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനെ നേരിടും.
ആദ്യ സെറ്റ് അടിയറവ് വച്ച ശേഷമാണ് നദാല്‍ മൂന്ന് സെറ്റുകള്‍ പിടിച്ചെടുത്ത് ഡെല്‍ പോട്രോയെ തുരത്തിയത്. സ്‌കോര്‍: 4-6, 6-0, 6-3, 6-2. ഫെഡററെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ അര്‍ജന്റീന താരം ആദ്യ സെറ്റ് നേടി കരുത്ത് കാട്ടിയെങ്കിലും രണ്ടാം സെറ്റില്‍ ഒരു പോയിന്റ് പോലും നല്‍കാതെ നദാല്‍ 6-0ത്തിന് തിരിച്ചെത്തിയതോടെ മത്സര ഫലം വെളിവാക്കപ്പെട്ടു. പിന്നീട് രണ്ട് സെറ്റുകളിലും കാര്യമായ ചെറുത്ത് നില്‍പ്പിന് ഡെല്‍ പോട്രോയ്ക്ക് അവസരം ലഭിച്ചതുമില്ല. 2009ല്‍ ഇവിടെ ചാംപ്യനായ സമയത്ത് ഡെല്‍ പോട്രോ അന്ന് സെമിയില്‍ റാഫേല്‍ നദാലിനേയും ഫൈനലില്‍ റോജര്‍ ഫെഡററേയുമാണ് കീഴടക്കിയത്. സമാന അട്ടിമറി ഇത്തവണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഫെഡററെ വീഴ്ത്തി സെമിയിലെത്തിയ അര്‍ജന്റീന താരത്തിന് സീസണില്‍ മാരക ഫോമില്‍ കളിക്കുന്ന നാദലിന് മുന്നില്‍ ഉത്തരങ്ങളില്ലാതെ പോകുന്ന കാഴ്ചയായിരുന്നു ഫഌഷിങ് മെഡോസില്‍. 2009ലെ തോല്‍വിക്ക് പകരം ചോദിച്ചാണ് നദാല്‍ സീസണിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടത്തിലേക്ക് കൂടുതല്‍ അടുത്തത്.
കരിയറില്‍ ആദ്യമായാണ് ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സന്‍ ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ ഫൈനലിലേക്ക് കടക്കുന്നത്. സെമിയില്‍ സ്പാനിഷ് താരം കരേനൊ ബുസ്റ്റയെ നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ആന്‍ഡേഴ്‌സന്‍ വീഴ്ത്തിയത്. സ്‌കോര്‍: 4-6, 7-5, 6-3, 6-4. ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് ദക്ഷിണാഫ്രിക്കന്‍ താരം മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിയത്. നാളെ നടക്കുന്ന ഫൈനലില്‍ നദാല്‍- ആന്‍ഡേഴ്‌സന്‍ പോരാട്ടം അരങ്ങേറും.
സാനിയ സഖ്യം
സെമിയില്‍ പുറത്ത്
ന്യൂയോര്‍ക്ക്: യു.എസ് ഓപണിലെ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന സാനിയ മിര്‍സയും പുറത്തായി. സാനിയയും ചൈനയുടെ പെങ് ഷുയിയും അടങ്ങിയ സഖ്യം സെമി ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങി. സ്വിറ്റ്‌സര്‍ലന്‍ഡ് താരം മാര്‍ടിന ഹിംഗിസും തായ്‌വന്‍ താരം ചാന്‍ യങ് ജാനും ചേര്‍ന്ന സഖ്യം ഇന്തോ- ചൈനീസ് സഖ്യത്തെ അനായാസം വീഴ്ത്തി. സ്‌കോര്‍: 6-4, 6-4. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്ക് സഖ്യം ലസി ഹര്‍ഡെക്ക- കാതറീന സനിനികോവ സഖ്യമാണ് ഹിംഗിസ്- ചാന്‍ സഖ്യത്തിന്റെ എതിരാളികള്‍.
റോജര്‍- ടെക്കാവു
സഖ്യത്തിന് കിരീടം
ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ പുരുഷ ഡബിള്‍സ് കിരീടം ഹോളണ്ടിന്റെ റോജര്‍ ജീന്‍ ജുലിയനും റൊമാനിയയുടെ ഹൊറിയ ടെക്കാവുവും ചേര്‍ന്ന സഖ്യത്തിന്.
ഫൈനലില്‍ സ്പാനിഷ് സഖ്യമായ ഫെലിഷിയാനോ ലോപസ്- മാര്‍ക്ക് ലോപസ് സഖ്യത്തേയാണ് ഇരുവരും കീഴടക്കിയത്. സ്‌കോര്‍: 6-4, 6-3.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."