ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ ഇല്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു
കോട്ടയം: കാത്തിരിപ്പു കേന്ദ്രങ്ങള്‍ ഇല്ലാത്തത് എം.സി. റോഡില്‍ കോട്ടയം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ബസ് യാത്രികര്‍ക്ക് ബുദ്ധിമുട്ടാകുന്നു. ഇവര്‍ക്ക് മഴയും വെയിലും ഏല്‍ക്കാതിരിക്കണമെങ്കില്‍ കടത്തിണ്ണകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. കെ.എസ്.ടി.പി. പദ്ധതിയുടെ ഭാഗമായി റോഡ് നവീകരിച്ചെങ്കിലും ബഹുഭൂരിപക്ഷം സ്റ്റോപ്പുകളിലും കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മിച്ചിട്ടില്ല.
ഈ റൂട്ടിലെ 17 ബസ് സ്റ്റോപ്പുകളില്‍ നിലവില്‍ കാത്തിരിപ്പു കേന്ദ്രമുള്ളത് മഠം ജങ്ഷനില്‍ മാത്രമാണ്. റോഡ് നവീകരണത്തിന്റെ ഭാഗമായാണു ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ പൊളിച്ചു മാറ്റിയത്. റോഡ് നവീകരണം പൂര്‍ത്തിയാക്കിയിട്ടും കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതില്‍ അധികൃതര്‍ അലംഭാവം തുടരുന്നതു യാത്രക്കാര്‍ക്കു ദുരിതമാകുകയാണ്. നാഗമ്പടം ക്ഷേത്രം, ചെമ്പരത്തിമൂട്, ചൂട്ടുവേലി, ചവിട്ടുവരി, കുമാരനല്ലൂര്‍, നീലിമംഗലം, സംക്രാന്തി, ഗാന്ധിനഗര്‍, അടിച്ചിറ, കാരിത്താസ് തുടങ്ങിയ സ്റ്റോപ്പുകളിലൊന്നും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളില്ല.
റോഡിന് ഇരുവശത്തുമുള്ള കടക്കാരുടെ കാരുണ്യത്തിലാണ് യാത്രക്കാര്‍ മഴയില്‍നിന്നും വെയിലില്‍നിന്നും രക്ഷപ്പെടുന്നത്. എം.സി റോഡില്‍ നിലവില്‍ കുറിച്ചിവരെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കി ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കിയ കാത്തിരിപ്പു കേന്ദ്രങ്ങളെക്കുറിച്ച് ആക്ഷേപവും ഉയരുന്നുണ്ട്. ശക്തമായ മഴയില്‍ കാത്തിരിപ്പു കേന്ദ്രങ്ങള്‍ വെള്ളക്കെട്ടായി മാറുമെന്നാണു യാത്രക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."