കാലാവസ്ഥ കനിഞ്ഞു പ്രതീക്ഷയുടെ കതിരുമായി വെച്ചൂരിലെ നെല്‍കര്‍ഷകര്‍
വൈക്കം: അനുകൂല കാലാവസ്ഥയില്‍ പ്രതീക്ഷ അര്‍പ്പിച്ച് നെല്‍കര്‍ഷകര്‍. മുന്‍കാലങ്ങളിലെ പോലെ കാലവര്‍ഷം ചതിക്കാത്തതും കൃത്യമായി മഴ എത്തിയതും ഗുണപ്രദമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. മുന്‍വര്‍ഷങ്ങളിലെ അനുഭവം ഇത്തവണ ഉണ്ടാകില്ലെന്നും അവര്‍ പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷയുടെ ആവേശത്തലാണ് ഇപ്പോള്‍ കര്‍ഷകരും കുടുംബങ്ങളും.
അപ്പര്‍ കുട്ടനാടന്‍ മേഖലയായ വെച്ചൂര്‍ പഞ്ചായത്തില്‍ കതിരിട്ട നെല്‍ച്ചെടികളെല്ലാം നല്ല രീതിയിലാണ് നില്‍ക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കൊയ്ത്ത് നടക്കുന്ന സമയങ്ങളില്‍ മഴയില്ലാതിരുന്നാല്‍ വലിയ നേട്ടമായിരിക്കും ലഭിക്കുക. പഞ്ചായത്തിലെ 1600ല്‍ അധികം ഏക്കര്‍ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ കൃഷി നടന്നിരിക്കുന്നത്.
പാടശേഖരസമതികളെല്ലാം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതും ഇവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും തരക്കേടില്ലാത്ത രീതിയില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഉമ, ജ്യോതി ഇനത്തില്‍പ്പെട്ട നെല്‍വിത്തുകളാണ് വിതച്ചിരിക്കുന്നത്. പഞ്ചായത്തിലെ പുത്തന്‍കരി -250 ഏക്കര്‍, വലിയപുതുക്കരി -400 ഏക്കര്‍, മറ്റം പാടം -200 ഏക്കര്‍, പൂവത്തിക്കരി -600 ഏക്കര്‍, പട്ടറക്കരി -150 ഏക്കര്‍, വലിയവെളിച്ചം -200 ഏക്കര്‍, പന്നയ്ക്കാത്തടം -150 ഏക്കര്‍, ഇട്ടിയോക്കാടന്‍കരി -250 ഏക്കര്‍, ദേവസ്വംകരി -150 ഏക്കര്‍, അരികത്തുകരി -100 ഏക്കര്‍, മുന്നൂറ്റാംഇടവ് -70 ഏക്കര്‍ എന്നിങ്ങനെയാണ് കൃഷി നടന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നൂറേക്കറില്‍ അധികം പാടശേഖരങ്ങളില്‍ അധികമായി കൃഷി ചെയ്തിട്ടുണ്ട്. കര്‍ഷകരും സ്വയംസഹായ സംഘങ്ങളുമെല്ലാം കൃഷി നടത്തുന്നുണ്ട്. കൊയ്ത്തിനുശേഷം നെല്ലിന് മതിയായ വില ലഭിക്കാത്തതും ഇടനിലക്കാരുടെ ചൂഷണവുമാണ് പലപ്പോഴും കൃഷി ലാഭം കൊടുത്തിട്ടും കര്‍ഷകരെ ദുരിതത്തിലാക്കിയിരുന്നത്. ചൂഷണത്തിനെതിരേ പ്രവര്‍ത്തിക്കേണ്ട സിവില്‍ സപ്ലൈസ് ആധികൃതരും കണ്ണടയ്ക്കുന്നു. കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്തുവാന്‍ വെച്ചൂര്‍ പഞ്ചായത്തില്‍ ആരംഭിച്ച മോഡേണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനം കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ഇതുവരെ എത്തിയിട്ടില്ല. ഇതിനെതിരേ പാടശേഖരസമിതികളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല. ഇത്തവണയും മോഡേണ്‍ റൈസ്മില്‍ കര്‍ഷകരെ സഹായിക്കുന്ന രീതിയില്‍ രംഗത്തുവന്നില്ലെങ്കില്‍ ഇടനിലക്കാരുടെ ചൂഷണം കര്‍ഷകരെ തകര്‍ക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. അധികൃതര്‍ കണ്ണു തുറന്നില്ലെങ്കില്‍ വൈക്കത്തിന്റെ നെല്ലറയായ വെച്ചൂരിലെ കര്‍ഷകര്‍ക്ക് നെല്‍കൃഷി ഉപേക്ഷിക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."