ആണവ പരീക്ഷണ വിജയം ആഘോഷിച്ച് കിം ജോങ് ഉന്‍
പ്യോങ്‌യാങ്: ഈ മാസം മൂന്നിന് നടത്തിയ ആണവ പരീക്ഷണത്തിന്റെ വിജയം ആഘോഷിച്ച് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. ഉത്തരകൊറിയയുടെ ആറാമത്തെയും വലുതുമായ ആണവപരീക്ഷണമായിരുന്നു കഴിഞ്ഞയാഴ്ച നടത്തിയത്. രണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണശേഷമായിരുന്നു ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം.
ഈ പരീക്ഷണത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ക്ക് വിരുന്ന് സംഘടിപ്പിച്ചുകൊണ്ടായിരുന്നു കിം ജോങ് ഉന്നിന്റെ വിജയാഘോഷം. കിം ജോങ് ഉന്നും അദ്ദേഹത്തിന്റെ പത്‌നി റീ സോള്‍ ജൂവും പരിപാടിയില്‍ പങ്കെടുത്തു. കൊറിയയുടെ ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ആഘോഷങ്ങളുടെ ചിത്രങ്ങളടക്കം വിവരം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായാണ് കിം ജോങ് ഉന്‍ സംഭവത്തെ വിശേഷിപ്പിച്ചത്. അതേസമയം ആണവപരീക്ഷണങ്ങളെത്തുടര്‍ന്ന് അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. യു.എന്‍ രക്ഷാസമിതിയുടെ സാമ്പത്തിക ഉപരോധവും അമേരിക്കയുടെ ഭീഷണിയും നിലനില്‍ക്കുന്നതിനിടെയാണ് പുതിയ പരീക്ഷണമെന്നതും ശ്രദ്ധേയമാണ്.
മാരക പ്രഹര ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയതായി അവകാശപ്പെട്ട് ഉത്തരകൊറിയ രംഗത്തു വരികയായിരുന്നു. പരീക്ഷണത്തെ തുടര്‍ന്ന് രാജ്യത്തെ പ്രധാന ആണവനിലയമായ പംഗീറിക്കടുത്ത് ഭൂകമ്പമാപിനിയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനമുണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഉത്തരകൊറിയന്‍ അതിര്‍ത്തിയില്‍ ചൈന അണുവികിരണ പരിശോധന നടത്തിയിരുന്നുവെങ്കിലും അണുവികിരണങ്ങള്‍ കണ്ടെത്താനായോ എന്നതു സംബന്ധിച്ച് വിവരമൊന്നും ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."