കരിപ്പൂരില്‍ യാത്രക്കാരെ കൊള്ളയടിക്കുന്നതായി പരാതി
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊള്ളയടിക്കുന്നതായി ആക്ഷേപം. യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിക്കുന്നതിനെതിരേ മലബാര്‍ വികസന സമിതിയാണ് രംഗത്തെത്തിയിരിക്കുന്നത്. വിലയേറിയ വസ്തുക്കള്‍ കൊള്ളയടിക്കുന്നത് നിത്യസംഭവമായിട്ടും അധികൃതരുടെ ഭാഗത്ത് നിസംഗത തുടരുകയാണെന്നും ഇത് തുടര്‍ന്നാല്‍ സംഘടന പ്രക്ഷോഭം നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കരിപ്പൂരില്‍ ലാന്‍ഡ് ചെയ്ത വിമാനം പാര്‍ക്കിങ് ബേയിലെത്തി യാത്രക്കാരെല്ലാം പുറത്തു പോയതിനു ശേഷമാണ് ലഗേജുകള്‍ ഇറക്കുന്നത്.
ലഗേജുകള്‍ നിറച്ച കണ്ടെയ്‌നറുകള്‍ കസ്റ്റംസിന്റെ സ്‌കാനിങ് റൂമില്‍ കണ്‍വയര്‍ ബെല്‍റ്റിലൂടെ എത്തും. പരിശോധന കഴിഞ്ഞതിനു ശേഷം അവിടെ നിന്ന് ലഗേജുകള്‍ കസ്റ്റംസ് ഹാളിലേക്ക് എത്തിച്ചേരും. പാര്‍ക്കിങ് ബേയില്‍ നിന്ന് കസ്റ്റംസിന്റെ സ്‌കാനിങ് റൂമിലേക്കുള്ള ഭാഗത്തു വച്ചാണു കവര്‍ച്ച നടക്കുന്നത്. സ്‌കാനിങ് റൂമില്‍ സി.സി.ടി.വി സംവിധാനം ഇല്ല.
ഇവിടെ സി.സി.ടി.വി സ്ഥാപിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തയാറായിട്ടില്ല. വിലപിടിപ്പുള്ള സാധനങ്ങളുള്ള ബാഗുകളില്‍ നിന്നു മാത്രമാണ് മോഷണം നടത്തുന്നത്. ഇത് പ്രത്യേകം തിരിച്ചറിഞ്ഞ് മോഷണം നടത്തുകയാണ്. ഇക്കഴിഞ്ഞ ഒന്‍പതിനു ചലച്ചിത്ര പ്രവര്‍ത്തകനായ നികേഷ് പുത്തലത്തിന്റെ ബ്രീഫ്‌കെയ്‌സില്‍ നിന്ന് 50,000 രൂപ വിലവരുന്ന വാച്ച് നഷ്ടമായിരുന്നു. മോഷണങ്ങള്‍ക്കു പിന്നില്‍ കസ്റ്റംസിനും വിമാനത്താവളത്തിലെ ഏതാനും തൊഴിലാളികള്‍ക്കും പങ്കുണ്ടെന്നും സി.സി.ടി.വി സ്ഥാപിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ മലബാര്‍ വികസനസമിതി സ്ഥാപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ വികസനസമിതി പ്രസിഡന്റ് കെ.എം. ബഷീര്‍, ജനറല്‍ സെക്രട്ടറി കെ. സെയ്ഫുദ്ദീന്‍, ഷെയ്ക് ഷാഹിദ്, രമേശ്കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."