വിമാനത്താവള വികസനം സര്‍വെ തടഞ്ഞവര്‍ ഭൂവുടമകളല്ലെന്നു കലക്ടര്‍
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന 18.53 ഏക്കര്‍ സ്ഥലത്ത് സര്‍വെ തടഞ്ഞവര്‍ ഭൂവുടമകളോ തദ്ദേശവാസികളോ അല്ലെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
പ്രദേശത്ത് രണ്ട് വര്‍ഷത്തിലധികമായി ചില തല്‍പരകക്ഷികള്‍ ബിനാമി പേരിലും മറ്റും ഒരു സെന്റിന് ഒരുലക്ഷവും ഒന്നരലക്ഷവും നല്‍കി ഭൂമി വാങ്ങിക്കൂട്ടുകയാണ്. ആദ്യം തടസ്സം സൃഷ്ടിച്ച് പിന്നീട് ഭൂമി വാങ്ങി സര്‍ക്കാരിന് ഉയര്‍ന്ന വിലയ്ക്ക് നല്‍കി ലാഭം കൊയ്യുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഇവരുടെ നേതൃത്വത്തിലാണ് സര്‍വെ നടപടികള്‍ തടഞ്ഞതെന്നും ജനങ്ങള്‍ ഇതില്‍ വഞ്ചിതരാകരുതെന്നും കലക്ടര്‍ പറഞ്ഞു.
സര്‍ക്കാര്‍ സെന്റൊന്നിന് അഞ്ചുലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏറ്റെടുക്കുന്ന ഭൂമിക്ക് നിലവിലെ കമ്പോള വിലയും കെട്ടിടങ്ങളുടേയും മരങ്ങളുടേയും മറ്റും വിലയും കരമന-കളിയിക്കാവിള പാക്കേജ് അനുസരിച്ചുള്ള പുനരധിവാസ ആനുകൂല്യങ്ങളും നല്‍കും. ഒഴിയേണ്ടിവരുന്ന കടകള്‍ക്ക് രണ്ട് ലക്ഷം രൂപ, താമസക്കാര്‍ക്ക് ആറ് മാസത്തെ വാടക, സാധന സാമഗ്രികള്‍ മാറ്റുന്നതിനുള്ള ആനുകൂല്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. വീട് നഷ്ടപ്പെടുന്നവര്‍ക്ക് പകരം മൂന്ന്‌സെന്റ് സ്ഥലം സൗജന്യമായി അനുവദിക്കും.
ഭൂമിവില ഉടമസ്ഥരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഭീഷണിപ്പെടുത്തിയോ മറ്റ് കുല്‍സിത മാര്‍ഗങ്ങളിലൂടെയോ കുറഞ്ഞ വിലയ്ക്ക് ഭൂമിവാങ്ങിയതായി ഭൂവുടമകളുടെ പരാതി ലഭിച്ചാല്‍ ആ വസ്തുക്കളുടെ രജിസ്‌ട്രേഷനും പോക്കുവരവും റദ്ദാക്കും.
പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയശേഷമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."