മലേഷ്യയില്‍ മതപഠനകേന്ദ്രത്തില്‍ വന്‍ അഗ്നിബാധ; കുട്ടികളടക്കം 25 മരണം
ക്വാലാലംപൂര്‍: മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ മതപഠന കേന്ദ്രത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ 25 മരണം. 23 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമടക്കമാണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ 5.40ഓടെയാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്.
ഖുര്‍ആന്‍ മനപാഠമാക്കാനായി ആരംഭിച്ച ദാറുല്‍ ഖുര്‍ആന്‍ ഇത്തിഫാഖിയത്ത് ബോര്‍ഡിങ് മദ്‌റസയിലാണ് വന്‍ തീപ്പിടിത്തമുണ്ടായത്. ചെറിയ കുട്ടികളാണ് ഇവിടെ താമസിച്ചു പഠിക്കുന്നത്. മൂന്നുനില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ വിദ്യാര്‍ഥികളുടെ താമസസ്ഥലത്താണ് തീപിടിച്ചത്. 13നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ദുരന്തത്തില്‍ മരിച്ചത്. എല്ലാവരും ആണ്‍കുട്ടികളാണ്. ഇതില്‍ കൂടുതല്‍ പേരും പുക ശ്വസിച്ചാണു മരിച്ചതെന്നാണു വിവരം. അപകടത്തില്‍ സാരമായി പരുക്കേറ്റ ഏഴു പേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 11 പേരെ നിസാര പരുക്കുകളോടെ രക്ഷിക്കുകയും ചെയ്തു.
സംഭവം നടന്നയുടന്‍ അഗ്നിശമന സേനാ വിഭാഗം അടക്കമുള്ള സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും അപ്പോഴേക്കും വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. താമസസ്ഥലത്തേക്ക് കടക്കാന്‍ ഒറ്റ വാതില്‍ മാത്രമാണുണ്ടായിരുന്നത്. ഇത് കൂടുതല്‍ പേര്‍ രക്ഷപ്പെടാനുള്ള ശ്രമം വിഫലമാക്കുകയായിരുന്നു. തീയണച്ച ശേഷം മൃതദേഹങ്ങള്‍ അട്ടിക്കട്ടിയായി കിടക്കുന്ന നിലയില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടത്തില്‍നിന്നു രക്ഷപ്പെടാനുള്ള വെപ്രാളത്തെ തുടര്‍ന്നുണ്ടായ തിക്കും തിരക്കും കൂടുതല്‍ ദുരന്തം സൃഷ്ടിച്ചതായാണു കരുതുന്നത്.
അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടെ മലേഷ്യയിലുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണിതെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ക്വാലാലംപൂര്‍ അഗ്നിശമന സേനാ വിഭാഗം തലവന്‍ ഖൈറുദ്ദീന്‍ റഹ്മാന്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് പൊലിസ് മേധാവി അറിയിച്ചു.അഞ്ചിനും 18നുമിടയില്‍ പ്രായമുള്ള കുട്ടികളാണ് കേന്ദ്രത്തില്‍ പഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."