സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി
കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് വേദിയായ ജവഹര്‍ലാല്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ നടന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ ഫിഫ പ്രാദേശിക സംഘാടക സമിതി അംഗങ്ങള്‍ സ്റ്റേഡിയത്തിലെ ക്രമീകരണങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. കാണികള്‍ക്കും വി.ഐ.പികള്‍ക്കും മാധ്യമങ്ങള്‍ക്കുമുള്ള വാഹന പാര്‍ക്കിങ്, പ്രവേശനം സംബന്ധിച്ച കാര്യങ്ങളാണ് ഉന്നതതല യോഗത്തില്‍ വിലയിരുത്തിയത്. അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തില്‍ പ്രവേശനം.
മത്സരം കാണുന്നതിനുള്ള പ്രവേശനത്തിന് ആകെ 27,145 ടിക്കറ്റുകളാണുള്ളത്. ഇത് മുന്‍കൂറായി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കൂ. സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പ്പന ഉണ്ടായിരിക്കുന്നതല്ല. വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ടിക്കറ്റുകളുടെ വിതരണം. ഓരോ വിഭാഗത്തിലുള്ളവര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നത് ഫിഫയുടെ ഐ.ഡി കാര്‍ഡ് നല്‍കും. ഇവ ഉപയോഗിച്ച് അതാത് പ്രവേശന കൗണ്ടറിലൂടെ മാത്രമേ അകത്ത് കയറാനാകൂ.
മത്സരം നടക്കുന്ന സ്റ്റേഡിയം ഏഴ് സോണുകളായി തിരിച്ചിട്ടുണ്ട്. സോണ്‍ ഒന്ന് ഫീല്‍ഡ് ഓഫ് പ്ലേ ആണ്. സോണ്‍ രണ്ട് കോംപറ്റീഷന്‍ ഏരിയ. ഇവിടെ കളിക്കാര്‍ക്കും ടീം ഒഫിഷ്യലുകള്‍ക്കും മാത്രമാണ് പ്രവേശനം. സോണ്‍ മൂന്ന് കാണികള്‍ക്കുള്ളതാണ്. സോണ്‍ നാല് സംഘാടക സമിതിക്കും ഫിഫ ഒഫിഷ്യല്‍സിനും. സോണ്‍ അഞ്ചിലാണ് വി.ഐ.പികളുടെ പ്രവേശനം. സോണ്‍ ആറും ഏഴും മാധ്യമങ്ങള്‍ക്ക്. മിക്‌സഡ് സോണില്‍ മാധ്യമങ്ങള്‍ക്ക് കളിക്കാരുമായി സംവദിക്കാം. സോണ്‍ എട്ടില്‍ സംസ്ഥാന മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കും. സോണ്‍ ഒന്‍പത് ജി.സി.ഡി.എ, കെ.എഫ്.എ തുടങ്ങിയവര്‍ക്കുള്ള റസിഡന്‍ഷ്യല്‍ ഏരിയ. 16 റാംപുകളാണ് സ്റ്റേഡിയത്തില്‍ ക്രമീകരിക്കുക. ഇതില്‍ നാലെണ്ണം അടിയന്തര ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കും. 35 ഓളം എന്‍ട്രി പോയിന്റുകളാണ് വിവിധ വിഭാഗങ്ങള്‍ക്കായി ക്രമീകരിക്കുക.
ഈ മാസം 28 ഓടെ സ്റ്റേഡിയത്തിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുമെന്ന് ഫിഫ പ്രതിനിധികള്‍ അറിയിച്ചു. അസിസ്റ്റന്റ് കലക്ടര്‍ ഈശ പ്രിയ, സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ്, കെ.എസ്.ഇ.ബി, പൊതുമരാമത്ത്, കൊച്ചി മെട്രോ തുടങ്ങിയ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും ഉന്നത പൊലിസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."