ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍: ജില്ലയില്‍ 27ന് ഗോളാരവം
ആലപ്പുഴ: കൊച്ചിയടക്കം വേദിയായി രാജ്യം ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രചാരണാര്‍ത്ഥം നടക്കുന്ന 'വണ്‍ മില്യണ്‍ ഗോള്‍' പരിപാടിയില്‍ നാലു മണിക്കൂര്‍ കൊണ്ട് രണ്ടു ലക്ഷം ഗോളുകള്‍ അടിച്ച് ജില്ല കാല്‍പ്പന്തുകളിയോടുള്ള പ്രണയം പ്രകടമാക്കും. സെപ്റ്റംബര്‍ 27നു നടക്കുന്ന 'വണ്‍ മില്യണ്‍ ഗോള്‍' പരിപാടിയോടനുബന്ധിച്ച് ഒരുക്കം വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍ കൂടിയ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സ്ഥാപനക്ലബ് ഭാരവാഹികളുടെയും യോഗത്തിലാണ് തീരുമാനം.
സെപ്റ്റംബര്‍ 27ന് വൈകിട്ട് മൂന്നു മുതല്‍ ഏഴുവരെ നടക്കുന്ന പരിപാടി ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും നേതൃത്വത്തിലാണ് അതതിടങ്ങളില്‍ സംഘടിപ്പിക്കുക. പഞ്ചായത്തുകളില്‍ കുറഞ്ഞത് 2,000 ഗോളുകളും നഗരസഭകളില്‍ 10,000 ഗോളുകളും അടിക്കും. പഞ്ചായത്തുകളില്‍ കുറഞ്ഞത് രണ്ടു കേന്ദ്രങ്ങളാണ് വേണ്ടത്. നഗരങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങളുണ്ടാകും. ഒരു കേന്ദ്രത്തില്‍ കുറഞ്ഞത് 1,000 ഗോള്‍ അടിക്കണം. പരിപാടിക്ക് പ്രചാരണം നല്‍കാനും സൗകര്യങ്ങളൊരുക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കും. ഇതിനായി 5,000 രൂപ ചെലവഴിക്കാനുള്ള അനുമതി പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്ന ക്ലബുകളും മറ്റും തദ്ദേശസ്വയംഭരണസ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പരിപാടി നടക്കുന്ന കേന്ദ്രത്തെക്കുറിച്ചുള്ള വിവരം ഉടന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് നല്‍കണം. ഇതനുസരിച്ചാണ് വോളന്റിയേഴ്‌സിനെ നിയോഗിക്കുക.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍, യുവജനക്ഷേമബോര്‍ഡ്, നെഹ്‌റു യുവകേന്ദ്ര, ജനപ്രതിനിധികള്‍, ക്ലബുകള്‍, എന്‍.എസ്.എസ്., സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എന്‍.സി.സി., വിവിധ സംഘടനകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, കായികതാരങ്ങള്‍ എന്നിവര്‍ പങ്കാളികളാകും. കായികയുവജന കാര്യാലയത്തിന്റെയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റേയും നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുക.
ഗോളിയില്ലാത്ത പോസ്റ്റുകള്‍
ഗോള്‍ അടിക്കുന്നതിനായി ലെവന്‍സ്(എട്ടടി പൊക്കം 24 അടി വീതി), സെവന്‍സ്, ഫൈവ്‌സ് (ആറടി പൊക്കം 24 അടി വീതി) ഗോള്‍ പോസ്റ്റുകള്‍ ക്രമീകരിക്കും. സ്‌കൂള്‍, കോളജ്, പൊതുസ്വകാര്യ കളിസ്ഥലങ്ങള്‍ എന്നിവ ഉപയോഗിക്കാം. നിലവിലുള്ളവ ഗോള്‍ പോസ്റ്റുകള്‍ ഉപയോഗിക്കുകയോ താത്കാലികമായി സ്ഥാപിക്കുകയോ ആകാം. പെനാല്‍റ്റി സ്‌പോട്ടില്‍നിന്നാണ് കിക്കുകള്‍ എടുക്കേണ്ടത്. ഗോള്‍ കീപ്പറില്ലാത്തതിനാല്‍ ഗോള്‍ തടയപ്പെട്ടേക്കാമെന്ന പേടി വേണ്ട.
ഗോളടിക്കാന്‍ പ്രായമില്ല
എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രായഭേദമെന്യേ ഗോളടിച്ച് പരിപാടിയുടെ ഭാഗമാകാം. ഒരു വ്യക്തിക്ക് ഒരു ഗോള്‍ മാത്രമേ അടിക്കാനാവൂ. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം പരിപാടിയുടെ ഭാഗമാകും. ഗോള്‍ അടിക്കാനെത്തുന്നവരുടെ എണ്ണം കൂടുതലായതിനാല്‍ വേഗത്തിലാകും ഗോളടി.
മിനിറ്റില്‍ നാലു ഗോള്‍; എണ്ണാന്‍ മൊബൈല്‍ ആപ്
ഒരു മിനിറ്റില്‍ കുറഞ്ഞത് നാലു ഗോള്‍ അടിക്കുകയാണ് ലക്ഷ്യം. രജിസ്റ്റര്‍ ചെയ്ത ഓരോ കേന്ദ്രത്തിലും ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്താന്‍ വോളന്റിയറെ നിയോഗിക്കും. വോളന്റിയര്‍മാര്‍ക്കുള്ള പരിശീലനം സെപ്റ്റംബര്‍ 19ന് ഉച്ചകഴിഞ്ഞ് നടക്കും. വോളന്റിയര്‍മാര്‍ക്ക് ഗോളുകളുടെ എണ്ണം രേഖപ്പെടുത്താന്‍ പ്രത്യേകം തയാറാക്കിയ മൈാബൈല്‍ ആപ്ലിക്കേഷന്‍ നല്‍കും. ഇതിലൂടെ റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം ഗോളെണ്ണം സ്‌കോര്‍ ഷീറ്റിലും രേഖപ്പെടുത്തും. ഓരോ മണിക്കൂറും ഇടവിട്ട് പരിപാടിയുടെ ചിത്രങ്ങളും വീഡിയോയും ആപ്ലിക്കേഷനിലോ ഇമെയിലിലൂടെയോ അപ്‌ലോഡ് ചെയ്യണം. ഗോളുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിശ്ചിത ഷീറ്റുകള്‍ വൈകിട്ട് 7.30നകം തിരികെ നല്‍കണം. സെപ്റ്റംബര്‍ 22നകം ഗോള്‍ സ്‌കോറിങ് സെന്ററിന്റെ സൗകര്യങ്ങള്‍ വിലയിരുത്തും.
നാടൊന്നിക്കും ഗോളടിക്കാന്‍
ജില്ലയില്‍നിന്നുള്ള നാലു മന്ത്രിമാരും പ്രതിപക്ഷനേതാവും എം.പി.മാരും എം.എല്‍.എ.മാരുമടക്കം എല്ലാ ജനപ്രതിനിധികളും പരിപാടിയുടെ ഭാഗമാകും. 27ന് വൈകിട്ട് മൂന്നിന് ആലപ്പുഴ എസ്.ഡി.വി. മൈതാനത്ത് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍ ഗോളടിച്ച് ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ധനകാര്യ വകുപ്പു മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്കും ഇവിടെ പങ്കാളിയാകും. ഭക്ഷ്യപൊതുവിതരണ വകുപ്പു മന്ത്രി പി. തിലോത്തമന്‍ ചേര്‍ത്തലയിലും ഗതാഗത മന്ത്രി തോമസ് ചാണ്ടി കുട്ടനാട്ടിലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട്ടും പരിപാടിയില്‍ പങ്കാളികളാകുമെന്നാണ് സൂചന. എം.എല്‍.എ.മാരും എം.പി.മാരും അതത് മണ്ഡലങ്ങളില്‍ പരിപാടിക്ക് ആവേശം പകര്‍ന്ന് ഗോളടിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എല്ലാ ജനപ്രതിനിധികളും പരിപാടിയുടെ ഭാഗമാകണമെന്നും പ്രമുഖ കായിക താരങ്ങളെയടക്കം സര്‍വരെയും പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
ഗോളടിക്കാം;സമ്മാനം നേടാം
ജില്ലയില്‍ പരിപാടിയില്‍ പങ്കെടുത്ത് ഗോള്‍ അടിക്കുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു പേര്‍ക്ക് ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായി കൊച്ചിയില്‍ നടക്കുന്ന ഒരു മത്സരം കാണാന്‍ അവസരം ലഭിക്കും. ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിക്കുന്ന പഞ്ചായത്ത്, നഗരസഭ, സ്‌കൂള്‍, കോളജ് എന്നിവയ്ക്ക് ഉപഹാരങ്ങള്‍ ലഭിക്കും.
പരിപാടിയുടെ സംഘാടനത്തിനായി ജില്ലാതലത്തില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കണ്‍വീനറുമായ സമിതി രൂപീകരിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നഗരസഭാധ്യക്ഷന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കും കമ്മിറ്റി ചെയര്‍മാന്‍. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരിക്കും കണ്‍വീനര്‍. നഗരസഭ സെക്രട്ടറിപഞ്ചായത്ത് സെക്രട്ടറിക്കാണ് സമിതി സെക്രട്ടറിയുടെ ചുമതല.
പരിപാടിയുടെ വിജയത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും എ.ഇ.ഒ., ഡി.ഇ.ഒ. എന്നിവരുടെയും യോഗം ചേരാന്‍ മന്ത്രി നിര്‍ദേശിച്ചു. ഒരുക്കം നടത്താനും താഴേത്തട്ടിലേക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് നിര്‍ദേശിച്ചു. പരിപാടിയില്‍ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ ജനപ്രതിനിധികള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ റ്റി.വി. അനുപമ, ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രന്‍, നഗരസഭാ ചെയര്‍മാര്‍ തോമസ് ജോസഫ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. നിമ്മി അലക്‌സാണ്ടര്‍, എ.ഡി.എം. എം.കെ. കബീര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."