അപകടങ്ങള്‍ തുടര്‍ക്കഥ പൊന്മുടിയില്‍ ജാഗ്രതാ ബോര്‍ഡ് സ്ഥാപിച്ചു
രാജാക്കാട്: പൊന്മുടി ഡാമിലെ അപകടമേഖലയില്‍ ജാഗ്രതാ ബോര്‍ഡു സ്ഥാപിച്ചു. പൊന്മുടി ഡാമിലെ അപകടഭീഷണി നിറഞ്ഞ മരക്കാനം ചങ്ങാടക്കടവ് തുരുത്തില്‍ ഒരു പറ്റം യുവാക്കള്‍ ജാഗ്രതാ ബോര്‍ഡു സ്ഥാപിച്ചു.
ഇക്കഴിഞ്ഞ ദിവസം പണിക്കന്‍കുടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും എസ്.പി.സി കേഡറ്റുമായ ആല്‍ഫ്രഡ് റോയി ഇവിടെ കാല്‍ വഴുതി വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചിരുന്നു.
ഇതിനകം ഈ കടവില്‍ അഞ്ചു പേര്‍ മുങ്ങി മരിക്കാനിടയായി.വേനല്‍ക്കാലങ്ങളില്‍ ഇവിടം കുട്ടികളുടെ കളിക്കളവും വിശാലമായ മൈതാനവുമായി മാറുമെങ്കിലും മഴക്കാലത്ത് ഈ തുരുത്തില്‍ വെള്ളം നിറയുമ്പോഴാണ് അപകടങ്ങള്‍ പിണയുന്നത്.ഇവിടെ വെള്ളത്തിലിറങ്ങിയാല്‍ കാല്‍വഴുതി സമീപത്തെ അഗാധമായ കുഴികളില്‍ അകപ്പെട്ടാണ് മരണം സംഭവിക്കുന്നത്.ഇവിടെ നീന്തലറിയാത്തവര്‍ വെള്ളത്തിലിറങ്ങരുതെന്നും,നിരവധി പേര്‍ മരണപ്പെട്ടിട്ടുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും, പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തരുതെന്നുമുള്ള അറിയിപ്പാണ് കടവില്‍ ജാഗ്രതാ ബോര്‍ഡായി സ്ഥാപിച്ചത്.
അടിമാലി ബ്ലോക്കു പഞ്ചായത്തു മെമ്പര്‍ സി.കെ.പ്രസാദിന്റെ നേതൃത്വത്തില്‍ കൊമ്പൊടിഞ്ഞാലിലെ യുവാക്കളായ ടിജോ ഉണ്ണിപ്പിള്ളില്‍, ആല്‍ബിന്‍ തോമസ്, കെ.എ.എബിന്‍,ബേസില്‍ മാത്യു,സിബിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് അപകടമേഖലയില്‍ ജാഗ്രതാ ബോര്‍ഡു സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."