വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നില്ല
വടക്കഞ്ചേരി: വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നില്ല. ദേശീയപാത ആറു വരിപ്പാതയാക്കുന്ന പ്രവൃത്തി നടക്കുന്നതിനിടെ ഉണ്ടാകുന്ന ബുദ്ധിമുട്ടിനുപുറമെ റോഡ് അറ്റകുറ്റപ്പണി ചെയ്യുന്നതുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമാകുന്നത്.
ദേശീയപാത അറ്റകുറ്റപ്പണി ചെയ്യുന്നതുമായി ബന്ധപ്പെട്ട് രാവിലെ എട്ടു മുതല്‍ രാത്രി 10വരെ പത്ത്ചക്രമുള്ള ട്രെയിലര്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും റോഡ് പണി നടക്കുന്നത് മൂലമുണ്ടാകുന്ന ഗതാഗതനിയന്ത്രണം യാത്രക്കാരെ വലയ്ക്കുകയാണ്. വൈകിട്ടും രാത്രിയുമാണ് ഇപ്പോള്‍ കൂടുതല്‍ ഗതാഗതക്കുരുക്കാവുന്നത്. പകല്‍സമയത്ത് വടക്കഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും നിര്‍ത്തിയിടുന്ന ട്രെയിലര്‍ വാഹനങ്ങള്‍ രാത്രിയില്‍ ഒരുമിച്ച് കടന്നുപോകുമ്പോള്‍ ഗതാഗതക്കുരുക്കിന്റെ തീവ്രത വര്‍ധിക്കുകയാണ്. വടക്കഞ്ചേരിയില്‍നിന്ന് നിയന്ത്രിച്ചാണ് വാഹനങ്ങള്‍ വിടുന്നതെങ്കിലും ഇരുമ്പുപാലം കുതിരാന്‍ ഭാഗത്തെ ഇടുങ്ങിയ റോഡുകളില്‍ എത്തുമ്പോള്‍ ഇഴഞ്ഞുനീങ്ങുകയാണ് പതിവ്. കുതിരാന്‍ ഭാഗത്ത് ഉണ്ടാകുന്ന ഈ ഗതാഗതക്കുരുക്ക് കിലോമീറ്ററോളം നീണ്ട് ഇരുഭാഗത്തും വന്‍ കുരുക്കിന് വഴിവയ്ക്കുന്നു.
അധികൃതരുടെ നിര്‍ദേശപ്രകാരം ഈ മാസം 12 മുതല്‍ ദേശീയപാത അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ടെങ്കിലും ഇടയ്ക്കിടെ പെയ്യുന്ന മഴ തടസ്സമായി മാറുന്നുണ്ട്. വടക്കഞ്ചേരി തേനിടുക്ക്, പട്ടിക്കാട്, കുതിരാന്‍, ഇരുമ്പ് പാലം, വഴുക്കുംപാറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോള്‍ അറ്റകുറ്റപ്പണി ചെയ്യുന്നത്.
അറ്റകുറ്റപ്പണി ചെയ്യുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ നിര്‍ത്തി ഗതാഗതം നിയന്ത്രിച്ചാലേ ഗതാഗതക്കുരുക്കിന് അല്‍പ്പമെങ്കിലും പരിഹാരമാവു. കുതിരാന്‍ഭാഗം പൂര്‍ണമായി ടാര്‍പണി കഴിഞ്ഞാലും ചെറിയ ആശ്വാസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."