600 കോടിയിലേറെ നിക്ഷേപവുമായി ചിട്ടിക്കമ്പനി ഉടമ മുങ്ങിയ സംഭവം: ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
പാറശാല: ജനങ്ങളെ കബിളിപ്പിച്ച് 600 കോടിയിലേറെ രൂപയുടെ നിക്ഷേപവുമായി ചിട്ടിക്കമ്പനി ഉടമ മുങ്ങിയെന്നാരോപിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്നലെ ശക്തമായ പ്രതിഷേധം നടന്നു.
പാറശാലയ്ക്ക് സമീപം പളുകലില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമായ നിര്‍മല്‍ കൃഷ്ണ ചിറ്റ്‌സ് ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫിനാന്‍സ് കമ്പനിയാണ് പതിനായിരക്കണക്കിന് നിക്ഷേപകരില്‍ നിന്നുള്ള ആറായിരം കോടിയിലധികം രൂപയുടെ നിക്ഷേപവുമായി മുങ്ങിയതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള നിരവധി നിക്ഷേപകരാണ് കബിളിപ്പിക്കപ്പെട്ടത്. പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇരു സംസ്ഥാനങ്ങളിലേയും സര്‍ക്കാരുകള്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. തുടര്‍ന്ന് നിക്ഷേപകരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ഇന്നലെ രാവിലെ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുകയുമായിരുന്നു. പ്രതിഷേധ മാര്‍ച്ച് കാരക്കോണം ജങ്ഷനില്‍ നിന്ന് ആരംഭിച്ചു. കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് അരുണ്‍ ഉദ്ഘാടനം ചെയ്തു.
ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. ബി.ജെ.പി നേതാവ് കരമന ജയന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രതിഷേധ മാര്‍ച്ചില്‍ രണ്ടായിരത്തോളം നിക്ഷേപകര്‍ പങ്കെടുത്തു. മാര്‍ച്ച് നിര്‍മ്മല്‍ കൃഷ്ണ ബാങ്കിനു മുന്നില്‍ സമാപിച്ചു.
ബുധനാഴ്ച ദേശീയ പാത ഉപരോധിക്കുമെന്നും വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമാക്കി. തമിഴ്‌നാട് ക്രൈംബ്രാഞ്ച് സംഘം ബിനാമികളായ മൂന്ന് പേരെ പിടികൂടിയതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."