ശിവഗിരിയും തലസ്ഥാനത്തെ മതമേലധ്യക്ഷന്‍മാരെയും സന്ദര്‍ശിച്ചു
തിരുവനന്തപുരം: കേന്ദ്ര മന്ത്രിയായതിനു ശേഷം ആദ്യമായി തലസ്ഥാന ജില്ലയിലെത്തിയ അല്‍ഫോന്‍സ് കണ്ണന്താനം വര്‍ക്കല ശിവഗിരിയില്‍ സന്ദര്‍ശനം നടത്തുകയും തലസ്ഥാനത്തെ മതമേലധ്യക്ഷന്‍മാരെ കാണുകയും ചെയ്തു.
രാവിലെ വര്‍ക്കല ശിവഗിരിയിലെത്തി മഠാധിപതികളുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് കണ്ണന്താനം തിരുവനന്തപുരം കുന്നുകുഴിയിലെ ബി.ജെ.പി സംസ്ഥാന ആസ്ഥാനത്ത് എത്തിയത്.
ശിവഗിരി മഠത്തിലെത്തിയ മന്ത്രിയെയും ഭാര്യ ഷീലയെയും മഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ശിവഗിരി, ചെമ്പഴന്തി ഗുരുകുലം, കുന്നുംപുറം, അരുവിപ്പുറം എന്നിവ ഉള്‍പ്പെടുത്തി ഒരു ടൂറിസം സര്‍ക്യൂട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഠം അധികൃതര്‍ മന്ത്രിക്ക് നിവേദനം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്താല്‍ പദ്ധതി ഉടന്‍ അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
തലസ്ഥാന നഗരിയിലെ മറ്റു സ്വീകരണ പരിപാടികള്‍ക്കു ശേഷം ഉച്ചക്ക് മൂന്നരയോടെ എല്‍.എം.എസിലുള്ള സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ആസ്ഥാനത്തെത്തിയ മന്ത്രിയെ ബിഷപ്പ് റൈറ്റ് റവറന്റ് എ. ധര്‍മ്മരാജ് റസാലത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
20 മിനിറ്റോളം ആസ്ഥാനത്ത് ചെലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. പിന്നീട് വെള്ളയമ്പലത്തുള്ള ലത്തീന്‍ കത്തോലിക്കാ ആസ്ഥാനത്തെത്തി തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. സുസെപാക്യവുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. തീരദേശ മേഖലയുടെ പ്രശ്‌നങ്ങള്‍ സുസെപാക്യം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ആറു വകുപ്പുകളിലായി വ്യാപിച്ചു കിടക്കുന്ന മത്സ്യബന്ധനമേഖലയെ ഒരു വകുപ്പിന് കീഴില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങള്‍ കേന്ദ്രത്തിന്റ ശ്രദ്ധയില്‍ പെടുത്താമെന്ന് മന്ത്രി ഉറപ്പ് നല്‍കി. പിന്നീട് ശാസ്തമംഗലത്തുള്ള ശ്രീരാമകൃഷ്ണ ആശ്രമത്തിലെത്തിയ മന്ത്രി അരമണിക്കൂറോളം അവിടെ ചെലവഴിച്ചു. മഠാധിപതി സ്വാമി മോക്ഷവ്രതാനന്ദ,സ്വാമി യോഗവ്രതാനന്ദ എന്നിവരുമായി മന്ത്രി സംസാരിച്ചു. അഞ്ചേകാലോടെ പാളയം ജുമാ മസ്ജിദും മന്ത്രി സന്ദര്‍ശിച്ചു. പാളയം ഇമാം വി.പി സുഹൈദ് മൗലവിയുമായി അദ്ദേഹം ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."