ശിശുമരണവും പകര്‍ച്ച വ്യാധികളും രാജ്യം നേരിടുന്ന വലിയ വെല്ലുവിളി: അല്‍ഫോന്‍സ് കണ്ണന്താനം
കോവളം: കുട്ടികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസമടക്കമുള്ള ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ കോടികള്‍ ഫീസ് നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും വന്‍കിട അബ്കാരികള്‍ക്കും കള്ളപ്പണക്കാര്‍ക്കും മാത്രമേ ഇത്തരത്തില്‍ ഫീസുമുടക്കി കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യസം നല്‍കാന്‍ കഴിയൂവെന്നും നിലവിലെ മെഡിക്കല്‍ സംവിധാനം പൊളിച്ചെഴുതണമെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
ശിശുമരണ നിരക്കും പകര്‍ച്ചവ്യാധികളുമാണ് രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയെന്നും ശിശുമരണ നിരക്കുകള്‍ അടക്കമുള്ളവയെപ്പറ്റി ഡോക്ടര്‍മാര്‍ പുതിയ പഠനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം കോവളം കെ.റ്റി.ഡി.സി സമുദ്ര ഹോട്ടലില്‍ സംഘടിപ്പിച്ച ദേശീയ മെഡിക്കല്‍ സമ്മിറ്റ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
എല്ലാവരുടേയും ആരോഗ്യമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ആരോഗ്യരംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് ഐ.എം.എയുടേയും ഡോക്ടര്‍മാരുടേയും സഹായവും അദ്ദേഹം അഭ്യര്‍ഥിച്ചു.
വികസിത രാജ്യങ്ങള്‍ക്ക് തുല്യമാണ് കേരളത്തിലെ ആരോഗ്യരംഗമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആരോഗ്യ രംഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃകയാണെങ്കിലും നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടെന്ന് കരുതിയ രോഗങ്ങളും ജനങ്ങളുടെ ജീവന്‍ കവരുന്ന പകര്‍ച്ചാവ്യാധികളായ ചിക്കന്‍ഗുനിയയും ഡെങ്കിപ്പനിയും ആശങ്ക ഉയര്‍ത്തുന്നു.
വ്യക്തി ശുദ്ധിയില്‍ കണിശത പുലര്‍ത്തുന്ന മലയാളി സാമൂഹ്യ ശുദ്ധിപാലിക്കുന്നതില്‍ ശ്രദ്ധചെലുത്തുന്നില്ല. ആരോഗ്യവും വിദ്യാഭ്യാസവും പരസ്പര പൂരകങ്ങളാണന്നും ഈ മേഖലയിലെ നിലവാരമില്ലാത്ത സ്ഥാപനങ്ങള്‍ അടച്ച് പൂട്ടണമെന്നാണ് തന്റെ അഭപ്രായമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഐ.എം.എ.യുടെ ദേശീയ നേതാക്കളായ ഡോ. വി.കെ മോംഗ, ഡോ. മാര്‍ത്താണ്ഡ പിള്ള, ഡോ. എസ്. അരുള്‍രാജ്, ഡോ. ഷണ്‍മുഖാനന്ദന്‍, ഡോ. ഗുണശേഖരന്‍, ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി പ്രദീപ് കുമാര്‍, സെക്രട്ടറി ഡോ. സാമുവല്‍ കോശി, തിരുവനന്തപുരം ഐ.എം.എ പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ് വിജയകൃഷ്ണന്‍, ഡോ. എന്‍. മധു, ഡോ. എച്ച്. വിനയരഞ്ജന്‍ സംസാരിച്ചു. ഐ.എം.എ.യുടെ ഫെലോഷിപ്പ് ബിരുദമായ എഫ്.സി.ജി.ബി ബിരുദ ദാനച്ചടങ്ങ് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി നായര്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."