അംഗീകാരം റദ്ദാക്കല്‍: റയാന്‍ സ്‌കൂളിന് സി.ബി.എസ്.ഇയുടെ നോട്ടീസ്
ന്യൂഡല്‍ഹി: രണ്ടാം ക്ലാസ് വിദ്യാര്‍ഥി ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട ഡല്‍ഹിക്കടുത്തുള്ള ഗുഡ്ഗാവിലെ പ്രശസ്തമായ റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ അംഗീകാരം സി.ബി.എസ്.ഇ റദ്ദാക്കിയേക്കും. സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാതിരിക്കാനുള്ള കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കി. സംഭവത്തെത്തുടര്‍ന്ന് സി.ബി.എസ്.ഇ നിയമിച്ച വസ്തുതാന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വെള്ളിയാഴ്ചയാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. സി.ബി.എസ്.ഇ ചട്ടങ്ങള്‍ അനുസരിച്ച് നോട്ടീസിന് ഒരു മാസത്തിനുള്ളില്‍ മറുപടി നല്‍കണം.
സി.ബി.എസ്.ഇയുടെ പല മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും സ്‌കൂള്‍ അധികൃതര്‍ ലംഘിച്ചിരുന്നതായി നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. സ്‌കൂള്‍ വളപ്പിനുള്ളില്‍ ആര്‍ക്കും യഥേഷ്ടം കടക്കാവുന്ന സ്ഥിതിയാണെന്ന് സി.ബി.എസ്.ഇയുടെ വസ്തുതാന്വേഷണ സംഘവും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അതേസമയം, കത്തികൊണ്ടുള്ള ആഴത്തിലുണ്ടായ മുറിവാണ് മരണകാരണമെന്ന് വ്യക്തമാക്കുന്ന കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് റയാന്‍ സ്‌കൂള്‍ അധികൃതര്‍ ഇടക്കാല ജാമ്യം തേടി പഞ്ചാബ്,ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്‌കൂള്‍ സ്ഥാപകനായ അഗസ്റ്റിന്‍ ഫ്രാന്‍സിസ് പിന്റോ, മാനേജിങ് ഡയറക്ടര്‍ ഗ്രേസ് പിന്റോ, സി.ഇ.ഒ റയാന്‍ പിന്റോ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ മുംബൈ ഹൈക്കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."