അമേരിക്കയുമായി ശക്തമായ ബന്ധമുള്ള രാജ്യമാണ് ഖത്തര്‍: ഖത്തര്‍ വിദേശകാര്യമന്ത്രി
ദോഹ: അമേരിക്കയുമായി ഏറ്റവും ശക്തമായ ബന്ധമാണ് ഖത്തറിനുള്ളതെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനി. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കന്‍ വ്യോമതാവളത്തിന് ആതിഥ്യം വഹിക്കുന്നത് ഖത്തറാണെന്നും സ്വിസ്സ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
തീവ്രവാദത്തെ പ്രതിരോധിക്കുന്നതിലും സുരക്ഷ, പ്രതിരോധം, സാമ്പത്തികം തുടങ്ങിയ മേഖലകളിലും രണ്ടുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. നീതിരഹിത ഉപരോധം ഏറ്റവുമടുത്ത അയല്‍ക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ പഠിപ്പിച്ചു. വിവിധ രാജ്യങ്ങളുമായി കപ്പല്‍ഗതാഗത സര്‍വിസുകള്‍ക്കും ഇക്കാലയളവില്‍ തുടക്കംകുറിച്ചു.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും സഊദി കിരീടാവകാശിയും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ച് തങ്ങള്‍ കള്ളം പ്രചരിപ്പിക്കുന്നുവെന്ന ഉപരോധരാജ്യങ്ങളുടെ ആരോപണം സ്വീകാര്യമല്ല. യാതൊരു സൂചനകളുമില്ലാതെ സഊദി സഖ്യത്തിന്റെ ഉപരോധം പെട്ടെന്നുള്ളതായിരുന്നു. ഗള്‍ഫ് സുരക്ഷ അപകടത്തിലാകാതിരിക്കാന്‍ ഗള്‍ഫ് ഐക്യം അനിവാര്യമാണെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
തങ്ങളുടെ വരുതിയില്‍ ഖത്തറിനെ നിര്‍ത്താനാണ് അവരുടെ ശ്രമം. ഖത്തര്‍ പരമാധികാര രാജ്യമാണ്. രാജ്യത്തിന്റെ വലിപ്പമോ ശക്തിയോ കണക്കിലെടുക്കാതെതന്നെ സഊദി അറേബ്യയ്ക്കുള്ള അതേ അവകാശം ഖത്തറിനുമുണ്ടെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
ഏറ്റുമുട്ടലുകളിലൂടെയല്ല മറിച്ച് ചര്‍ച്ചകളിലൂടെയാണ് ഇറാനുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും മറികടക്കേണ്ടതെന്നാണ് ഖത്തര്‍ വിശ്വസിക്കുന്നത്.
ഹമാസിനെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തീവ്രവാദഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന് തങ്ങള്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നവര്‍ തന്നെ ഹമാസിന് പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗസയിലെ ജനതയ്ക്കുള്ള ഏതു സഹായവും സ്വാഗതാര്‍ഹമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."