ആണവ പരീക്ഷണം തുടരും: ഉ.കൊറിയ
പ്യോങ്‌യാങ്: അന്താരാഷ്ട്ര സമൂഹത്തിന്റെ ഉപരോധനീക്കത്തോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. എതിര്‍പ്പുകളെ വകവയ്ക്കുന്നില്ലെന്നും ആണവായുധ ലക്ഷ്യം കൈവരിക്കുന്നതു വരെ പരീക്ഷണം തുടരുമെന്നും കിം വ്യക്തമാക്കി. വെള്ളിയാഴ്ച ജപ്പാന്റെ അന്തരീക്ഷത്തിലൂടെ കടലിലേക്ക് ബാലിസ്റ്റിക് മിസൈല്‍ പറത്തിയതിനു പിറകെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന പുറത്തുവരുന്നത്.
അമേരിക്കയുടെ സൈനികശക്തിക്കു തുല്യമായ ശക്തി സംഭരിക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നും അതുവരെ ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുമെന്നും കിം അറിയിച്ചു. ഉ.കൊറിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് പ്രസിഡന്റിന്റെ പ്രസ്താവന പുറത്തുവിട്ടത്.
നിരന്തരമായ ഉപരോധങ്ങള്‍ക്കിടയിലും ആണവായുധ ലക്ഷ്യം കൈവരിക്കുന്നത് ഞങ്ങള്‍ ലോക ത്തെ വമ്പന്‍ ശക്തികള്‍ക്ക് കാണിച്ചുകൊടുക്കും. അമേരിക്കക്കു തുല്യമായ സൈനികശക്തി ഞങ്ങള്‍ സംഭരിക്കും. അതുവഴി തങ്ങള്‍ക്കെതിരേ സൈനിക നടപടി സ്വീകരിക്കുമെന്നു പറയാനുള്ള ധൈര്യം അമേരിക്കന്‍ ഭരണാധികാരികള്‍ക്ക് ഇല്ലാതാകും-കിം ജോങ് ഉന്‍ പറഞ്ഞു.
അതേസമയം, വെള്ളിയാഴ്ച ജപ്പാനു മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ പറത്തിയതിന്റെ തത്സമയദൃശ്യങ്ങള്‍ വീക്ഷിക്കുന്ന കിമ്മിന്റെ ചിത്രം ഉ.കൊറിയ പുറത്തുവിട്ടിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഉ.കൊറിയയുടെ ഏറ്റവും ദീര്‍ഘദൂര മിസൈല്‍ എന്നു കരുതപ്പെടുന്ന ബാലിസ്റ്റിക് മിസൈല്‍ തലസ്ഥാനമായ പ്യോങ്‌യാങില്‍നിന്നു വിക്ഷേപിച്ച് വടക്കന്‍ ജപ്പാന്‍ ഉപദ്വീപായ ഹൊക്കൈദോവിനു മുകളിലൂടെ സഞ്ചരിച്ച് കടലില്‍ ചെന്നുപതിച്ചത്. 3,700 കി.മീറ്റര്‍ ദൂരത്തിലാണ് മിസൈല്‍ പറന്നത്.
ആഴ്ചകള്‍ക്കിടെ ജപ്പാനു മുകളിലൂടെയുള്ള ഉ.കൊറിയയുടെ രണ്ടാമത്തെ മിസൈല്‍ പരീക്ഷണമായിരുന്നു ഇത്. ജപ്പാനെ കടലില്‍ മുക്കുമെന്നും അമേരിക്കയെ ചാരമാക്കുമെന്നും വ്യാഴാഴ്ച ഉ.കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുടെ അയല്‍പക്കത്ത് ഇനി ജപ്പാന്‍ എന്ന രാജ്യം ആവശ്യമില്ല. ജപ്പാന്റെ നാലു ദ്വീപുകളെ അണുബോംബിട്ട് കടലില്‍ മുക്കും. യു.എസിനെ ചാരമാക്കും എന്നൊക്കെയായിരുന്നു മുന്നറിയിപ്പ്. ഇതിനു പിറകെയാണു പുതിയ മിസൈല്‍ പരീക്ഷണം.ഞായറാഴ്ച യു.എന്‍ ഏര്‍പ്പെടുത്തിയ കര്‍ശനമായ ഉപരോധത്തെ കൊറിയ മുഖവിലക്കെടുക്കുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ജപ്പാനു മുകളിലൂടെയുള്ള മിസൈല്‍ പരീക്ഷണത്തിനെതിരേ അമേരിക്കയും അയല്‍രാജ്യങ്ങളായ ദ.കൊറിയയും ജപ്പാനും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."