ഇന്ത്യ- ആസ്‌ത്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം
ചെന്നൈ: ഇന്ത്യയും ആസ്‌ത്രേലിയയും ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടമാണ് ഇന്ന് ചെന്നൈയില്‍ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ തുടക്കമാകുന്നത്. ആസ്‌ത്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി അഞ്ച് ഏകദിനവും മൂന്ന് ടി20 മത്സരങ്ങളുമാണ് അരങ്ങേറുന്നത്. നൂറില്‍ നൂറ് വിജയത്തോടെ ശ്രീലങ്കന്‍ പര്യടനം അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തിയ ഇന്ത്യ പൂര്‍ണ സജ്ജമായാണ് ഓസീസിനെ നേരിടാനിറങ്ങുന്നത്. 2019ലെ ലോകകപ്പ് ലക്ഷ്യമിട്ടുള്ള ടീമിനെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പ് പ്രഖ്യാപിക്കപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായി വേണം ഓസീസിനെതിരായ പരിമിത ഓവര്‍ പോരാട്ടത്തെ കാണാന്‍. ആ നിലയ്ക്ക് ഇന്ത്യന്‍ നിര കാര്യമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെടാന്‍ പോകുകയാണെന്നും പരമ്പരയെ വിശേഷിപ്പിക്കാം.
എക്കാലവും ഫീല്‍ഡിന് പുറത്തെ വാചക കസര്‍ത്തുകളില്‍ തുടങ്ങുന്ന വിവാദങ്ങളുടെ അകമ്പടിക്ക് ഇത്തവണ മാറ്റം വന്നതാണ് ശ്രദ്ധേയമായ കാര്യം. ബംഗ്ലാദേശ് പര്യടനത്തില്‍ നേരിട്ട തിരിച്ചടികളുടെ തിരച്ചറിവിലാണ് ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് ആസ്‌ത്രേലിയ തയ്യാറെടുത്തിരിക്കുന്നത്. ഇന്ത്യയിലെത്തിയ ശേഷം കളിച്ച ഏക സന്നാഹ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്.
ആദ്യ മൂന്ന് ഏകദിനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അനുവാദം വാങ്ങി ടീമില്‍ നിന്ന് പിന്‍മാറിയ ഓപണര്‍ ശിഖര്‍ ധവാന് പകരം അജിന്‍ക്യ രഹാനെയായിരിക്കും രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സിന് തുടക്കമിടുക. മധ്യനിരയില്‍ രാഹുല്‍, മനീഷ് പാണ്ഡെ എന്നിവരിലൊരാള്‍ക്ക് അവസരം ലഭിക്കും. നിലവില്‍ ബാറ്റിങ്, ബൗളിങ് നിര മികച്ച ഫോമില്‍ നില്‍ക്കുന്നതാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിക്കുന്നതില്‍ ഇന്ത്യക്ക് ശക്തിയായി നില്‍ക്കുന്ന മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി തന്റെ പ്രതാപ കാല ഫോമില്‍ നില്‍ക്കുന്നതും ഇന്ത്യക്ക് നേട്ടമാണ്.
ഓപണിങ് ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ചിന് സന്നാഹ മത്സരത്തിനിടെ പരുക്കേറ്റതിന്റെ ക്ഷീണത്തിലാണ് ഓസീസ്. എങ്കിലും ഡേവിഡ് വാര്‍ണറടക്കമുള്ള ബാറ്റിങ് നിര ഏത് ബൗളിങിനേയും നേരിടാന്‍ പ്രാപ്തരാണ്. ഫിഞ്ചിന് പകരം ഹാന്‍ഡ്‌സ്‌കോംപാണ് ടീമിലെത്തിയത്. വാര്‍ണര്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് അവര്‍ക്ക് ആശ്വാസം നല്‍കുന്നു. ഇന്ത്യയുടെ ചൈനാമെന്‍ ബൗളര്‍ കുല്‍ദീപ് യാദവിനെ നേരിടുന്നതിനായി നെറ്റ്‌സില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും ഓസീസ് ടീം പ്രത്യേക ശ്രദ്ധിച്ചത് അവര്‍ ഇന്ത്യന്‍ പിച്ചില്‍ ഭയക്കുന്നത് എന്താണെന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. ഫിഞ്ചിന് പകരം ട്രാവിസ് ഹെഡ്ഡാണ് വാര്‍ണര്‍ക്കൊപ്പം ഓസീസ് ഇന്നിങ്‌സിന് തുടക്കമിടുക.
സാധ്യതാ ടീം: ഇന്ത്യ- വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, മനീഷ് പാണ്ഡെ (രാഹുല്‍), കേദാര്‍ ജാദവ്, ധോണി, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ (രവീന്ദ്ര ജഡേജ), ജസ്പ്രിത് ബുമ്‌റ.
ആസ്‌ത്രേലിയ- സ്റ്റീവന്‍ സ്മിത്ത് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്ഡ്, പീറ്റന്‍ ഹാന്‍ഡ്‌സ്‌കോംപ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ജെയിംസ് ഫോക്‌നര്‍, കോള്‍ടര്‍ നെയ്ല്‍, പാറ്റ് കമ്മിന്‍സ്, ആദം സാംപെ.
രവീന്ദ്ര ജഡേജ ടീമില്‍
മുംബൈ: ആസ്‌ത്രേലിയക്കെതിരായ ആദ്യ മൂന്ന് ഏകദിനങ്ങളില്‍ നിന്ന് വിശ്രമം അനുവദിച്ചിരുന്ന ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ടീമിലുള്‍പ്പെടുത്തി. അക്‌സര്‍ പട്ടേലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് ജഡേജയ്ക്ക് അപ്രതീക്ഷിത വിളിയെത്തിയത്. ഇടത് കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്നാണ് അക്‌സര്‍ പട്ടേല്‍ പുറത്തായത്. ഇന്നത്തെ പോരാട്ടത്തില്‍ യുസ്‌വേന്ദ്ര ചഹലിനോ ജഡജയ്‌ക്കോ ഒരാള്‍ക്ക് അന്തിമ ഇലവനില്‍ അവസരം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."