പീഡനകാലം
കുറച്ചു ദിവസമായി അനീഷ അയാളോടു പറയുന്നു, മകളെ പകലും രാത്രിയുമൊക്കെ ആരോ പിന്തുടരുന്നുവെന്ന്. നടക്കുമ്പോഴും ഇരിക്കുമ്പോഴുമൊക്കെ അവള്‍ക്കു തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി മടുത്തുവെന്ന്...
അപ്പോള്‍ അയാള്‍ പറഞ്ഞത്, അതൊക്കെ മകളുടെ തോന്നലാകുമെന്നാണ്.
'ഇല്ല ഇച്ഛാ...' എന്നു പറഞ്ഞു മകളും പറയുന്നത് ഇതുതന്നെയാണ്.
അയാള്‍ക്കൊരു മകളാണുള്ളത്. ഏഴാം ക്ലാസിലാണു പഠിക്കുന്നതെങ്കിലും പ്രായത്തില്‍ കവിഞ്ഞ ശരീര വളര്‍ച്ചയുണ്ട് അവള്‍ക്ക്.
നഗരത്തിലെ പ്രശസ്തനായ മനോരോഗ വിദഗ്ധനെ കണ്ടുവന്ന ശേഷമാണ് അനീഷ രാവിലെ മകളെ സ്‌കൂളില്‍ കൊണ്ട് ചെന്നാക്കുകയും വൈകുന്നേരം വിളിച്ചോണ്ടു വരികയും ചെയ്തത്.
ഒരു ദിവസം സ്‌കൂള്‍ വിട്ടുവന്ന മകള്‍ പറഞ്ഞു. ഇനി അമ്മ കൂടെ വരേണ്ടെന്നും അവള്‍ ഒറ്റയ്ക്ക് സ്‌കൂളില്‍ പോയ്‌ക്കൊള്ളാമെന്നും.
അങ്ങനെ സ്‌കൂളില്‍ തനിച്ചുപോയ മകള്‍ വീണ്ടും ഭയത്തിന്റെ തടവിലായി. ഇപ്പോള്‍ വീട്ടിലെ ഒറ്റമുറിയില്‍ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ജനലുകളും വാതിലുമൊക്കെ അടച്ചിട്ടിരിക്കുകയാണു മകള്‍.
അച്ഛനെ തനിക്കു കാണേണ്ടെന്നും കണ്ടാല്‍ തനിക്കു പേടിയാണെന്നുമാണ് അവള്‍ പറയുന്നത്. അച്ഛന്‍ വന്നില്ലെങ്കില്‍ ഉണ്ണില്ലെന്നും ഉറങ്ങില്ലെന്നും വാശി പിടിച്ചിരുന്ന കുട്ടിയാ...
അവള്‍ പറഞ്ഞാകും മാധ്യമങ്ങളൊക്കെ അയാള്‍ മകളെ പീഡിപ്പിക്കുന്ന അച്ഛനാണെന്ന് എഴുതിയതും പറഞ്ഞതും. സ്വന്തം മകള്‍ തന്നെ ഇങ്ങനെ പറയുമ്പോള്‍ മാധ്യമങ്ങളും പൊലിസുമൊക്കെ എങ്ങനെ അവിശ്വസിക്കും.
ഭാര്യയുടെ സാന്നിധ്യത്തിലല്ലാതെ അയാള്‍ മകളുമായി സംസാരിക്കാറില്ല. മകള്‍ മുതിര്‍ന്ന ശേഷമൊരു വിരല്‍ സ്പര്‍ശം പോലും അയാള്‍ അവളുടെ ശരീരത്തില്‍ നടത്തിയിട്ടില്ല. എന്നിട്ടും മകള്‍ക്ക് അയാളെ മനസിലാകുന്നില്ലല്ലോ?
പുതിയ കാലമിങ്ങനെയാണു കൂട്ടുകാരാ... അതു നിരപരാധികളുടെ ശിരസില്‍ അപവാദങ്ങളുടെ ഭാണ്ഡങ്ങള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ വച്ചുകൊടുക്കും...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."