ഫലസ്തീന്‍ ഐക്യത്തിന് കളമൊരുങ്ങുന്നു; ഫതഹുമായി ചര്‍ച്ചയ്ക്ക് തയ്യാറായി ഹമാസ്
ഗസ്സ സിറ്റി: ഫലസ്തീനിലെ പ്രബല വിഭാഗങ്ങളായ ഹമാസും ഫതഹും ഐക്യത്തിനൊരുങ്ങുന്നു. ഇരുവരും തമ്മില്‍ ഐക്യ ചര്‍ച്ചയ്ക്കും പൊതുതെരഞ്ഞെടുപ്പിനും തയ്യാറായിരിക്കുകയാണ്.
പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നുവെന്നും ഗസ്സ ഭരണ കമ്മിറ്റിയെ പിരിച്ചുവിടുകയാണെന്നും ഹമാസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഫലസ്തീന്റെ ഇരുഭാഗങ്ങളില്‍ ഇരു വിഭാഗങ്ങളായാണ് നിലവില്‍ ഭരിക്കുന്നത്. ഫതഹിന്റെ കീഴിലുള്ള വെസ്റ്റ് ബാങ്കില്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലാണ് ഭരണം. മറ്റൊരു ഭാഗമായ ഗസ്സയില്‍ 2007 മുതല്‍ ഹമാസ് സൈന്യമാണ് ഭരണം നടത്തുന്നത്. പാര്‍ലമെന്ററി തെരഞ്ഞടുപ്പില്‍ അബ്ബാസിന്റെ ഫതഹ് വിഭാഗം ജയിച്ചപ്പോള്‍ ഹമാസ് സൈന്യം തന്റെ കീഴില്‍ വരണമെന്നു ആവശ്യപ്പെടുന്നതോടെയാണ് ഇരുവിഭാഗങ്ങളായി ഭിന്നിച്ചത്.
പിന്നീട് ഇരുവിഭാഗങ്ങളും കടുത്ത ശത്രുതയിലാവുകയും പ്രത്യേകം പ്രത്യേകം ഭരണം പ്രഖ്യാപിക്കുകയും ചെയ്തു. ഇവ രണ്ടിനെയും ഒന്നിപ്പിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ പല പ്രാവശ്യം പരിശ്രമം നടന്നെങ്കിലും വിജയിച്ചിരുന്നില്ല.
2014 ല്‍ അബ്ബാസിന്റെ നേതൃത്വത്തില്‍ ഐക്യസര്‍ക്കാര്‍ നിലവില്‍ വന്നെങ്കിലും ഗസ്സ ഭരിക്കാന്‍ ഹമാസ് അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ ഐക്യത്തിനു വേണ്ടി ഹമാസ് തന്നെയാണ് മുന്നിട്ടു വന്നിരിക്കുന്നത്.
'ശുഭാപ്തിവിശ്വാസം'
ഹമാസിന്റെ ഐക്യാഹ്വാനത്തെ അബ്ബാസ് സര്‍ക്കാര്‍ സ്വാഗതം ചെയ്തു. വളരെ ശുഭാപ്തിവിശ്വാസമുള്ള നീക്കമെന്ന് അബ്ബാസിന്റെ ഉപദേഷ്ടാവ് നബീല്‍ ശാത് പറഞ്ഞു.
പൊതുസമ്മതമുള്ള സര്‍ക്കാര്‍ ഗസ്സയും വെസ്റ്റ് ബാങ്കും ഭരിക്കുകയും സാമ്പത്തിക പരമായി വികസനം തുടങ്ങുകയും ചെയ്യും. ഗസ്സക്കാരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാവും. അതുകഴിഞ്ഞാല്‍ തെരഞ്ഞെടുപ്പാണ് അടുത്ത നടപടിയെന്നും നബീല്‍ ശാത് പറഞ്ഞു.
മുന്‍പും ഇരുകൂട്ടര്‍ക്കുമിടയില്‍ മധ്യസ്ഥ ശ്രമം നടത്തിയിരുന്ന ഈജിപ്ത് തന്നെയാണ് ഇപ്പോഴുണ്ടായ ഐക്യനീക്കത്തിന് പിന്നില്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുകൂട്ടരുമായി ഈജിപ്ത് നടത്തിവന്ന ചര്‍ച്ചയാണ് ഫലം കണ്ടത്.
ഹമാസിനു മേലുള്ള സമ്മര്‍ദം
ഇസ്‌റാഈലിന്റെയും ഈജിപ്തിന്റെയും ഉപരോധമാണ് ഹമാസിനെ സമ്മര്‍ദത്തിലാക്കിയത്. കൂടാതെ ഇസ്‌റാഈലുമായി മൂന്നു യുദ്ധവും അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടലും നേരിട്ടു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഗസ്സയില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ശമ്പളം കുറച്ചും വൈദ്യുതി വെട്ടിക്കുറച്ചും മഹ്മൂദ് അബ്ബാസും നിയന്ത്രണമേര്‍പ്പെടുത്തി. ഇതൊക്കെയാണ് ഹമാസിനെ വീഴ്ത്തിയതെന്നാണ് നിരീക്ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."