നാദിര്‍ഷയെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തു
ആലുവ: നടിയെ അക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തു. ഞായറാഴ്ച 10.15 ഓടെ ആലുവ പൊലിസ് ക്ലബ്ബിലെത്തിയ നാദിര്‍ഷയെ വൈകിട്ട് മൂന്നരയോടെയാണ് പുറത്തുവിട്ടത്. വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷമായിരുന്നു ചോദ്യം ചെയ്യല്‍. റൂറല്‍ എസ്.പി. എ.വി ജോര്‍ജ്, അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ബൈജു പൗലസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകം തയാറാക്കിയ ചോദ്യാവലി ഉപയോഗിച്ചായിരുന്നു വിവരങ്ങള്‍ ശേഖരിച്ചത്. നടിയെ അക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയില്‍ നാദിര്‍ഷയുടെ പങ്ക് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരുന്നു ചോദ്യം ചെയ്യല്‍.
അതിനിടെ പൊലിസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഹെക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടിയതാണെന്നും നാദിര്‍ഷ പറഞ്ഞു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ആശങ്ക ഉണ്ടായിരുന്നു. ഇതാണ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്.
നടിയെ അക്രമിച്ച കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിനെ അറിയില്ലെന്ന നിലപാടും നാദിര്‍ഷ ആവര്‍ത്തിച്ചു. കാക്കനാട് ജയിലില്‍ വച്ച് പള്‍സര്‍ സുനി തന്നെ വിളിച്ചെന്ന് പൊലിസുകാര്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്. തന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ പൊലിസിന് പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തില്‍ താനും ദിലീപും നിരപരാധികളാണ്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചലച്ചിത്രത്തിന്റെ സെറ്റില്‍ വച്ച് സുനില്‍കുമാറിന് പണം നല്‍കിയിട്ടില്ല. പലരും പല നുണകളും പറഞ്ഞു പരത്തിയെങ്കിലും നിരപരാധിത്വം അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്താനായി. പൊലിസിന്റെ ഭാഗത്ത് നിന്ന് ഉപദ്രവകരമായ ചോദ്യങ്ങള്‍ ഉണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."