ജംബോ കമ്മിറ്റികള്‍ പറ്റില്ലെന്ന് ഹൈക്കമാന്‍ഡ്; കേരളത്തില്‍ നടപ്പില്ലെന്ന് ഗ്രൂപ്പുകള്‍
കൊച്ചി: കോണ്‍ഗ്രസിലെ ജംബോ കമ്മിറ്റികളെ പൊളിച്ചടുക്കാനുള്ള ഹൈക്കമാന്‍ഡ് നീക്കത്തിനെതിരേ കൈകോര്‍ത്ത് ഗ്രൂപ്പുകള്‍. ഭാരവാഹികളുടെ വീതം വയ്പിന് ഭീഷണിയായ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം അട്ടിമറിക്കാനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിച്ചു. കെ.പി.സി.സിക്ക് ഇനി മുതല്‍ ജംബോ കമ്മിറ്റികള്‍ വേണ്ടെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം. നിലവില്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഭാരവാഹികളും നിര്‍വാഹകസമിതി അംഗങ്ങളും പ്രത്യേകക്ഷണിതാക്കളും ഉള്‍പ്പെടെ 500 ലേറെ പേരുണ്ട്. ഇനി 40ല്‍ അധികം പാടില്ലെന്നാണ് നിര്‍ദേശം.
പുതിയ കമ്മിറ്റി 30 ശതമാനം യുവാക്കളും സ്ത്രീകളും ദലിത് വിഭാഗവും ഉള്‍പ്പെട്ടതാവണം. കെ.പി.സി.സി ഉപാധ്യക്ഷന്‍മാരുടെയും ജനറല്‍ സെക്രട്ടറിമാരുടെയും എണ്ണം കുറയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റായി ഒരാളും ജനറല്‍ സെക്രട്ടറിമാരായി നാലു പേരും മതിയെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.
നിലവില്‍ ആറ് വൈസ് പ്രസിഡന്റുമാരും 22 ജനറല്‍ സെക്രട്ടറിമാരുമുണ്ട്. സെക്രട്ടറിമാരുടെ എണ്ണവും വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തീരുമാനം നടപ്പാക്കിയാല്‍ മുതിര്‍ന്ന നേതാക്കള്‍ മുതല്‍ യുവജന വിദ്യാര്‍ഥി സംഘടനകളില്‍നിന്നു ഒഴിവായി സ്ഥാനം മോഹിച്ചു നില്‍ക്കുന്നവര്‍ക്ക് വരെ തിരിച്ചടിയാവും.
ജംബോ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സികളിലും ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ 30ല്‍ താഴെ ഭാരവാഹികള്‍ മതിയെന്നാണ് തീരുമാനം. ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂരിപക്ഷത്തിനും ഭാരവാഹിത്വം അലങ്കാരം മാത്രമായി ഒതുങ്ങിയെന്നും ദേശീയ നേതൃത്വം തിരിച്ചറിയുന്നു.
മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി അധ്യക്ഷനായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ജംബോ കമ്മിറ്റികള്‍ വെട്ടിക്കുറക്കണമെന്ന നിര്‍ദേശം മുന്നോട്ടു വച്ചത്. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം അതേപടി അംഗീകരിക്കാനാവില്ലെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ നിലപാട്. ഗ്രൂപ്പ് സമവാക്യങ്ങള്‍ പരിഗണിച്ചേ കേരളത്തില്‍ ഭാരവാഹികളെ നിശ്ചയിക്കാനാവൂ. കൂടുതല്‍ നേതാക്കളെ ഉള്‍ക്കൊള്ളണം. ഹൈക്കമാന്‍ഡ് നിര്‍ദേശം അതേപടി അംഗീകരിച്ചാല്‍ പദവികളെ ചൊല്ലി ഗ്രൂപ്പുകള്‍ക്ക് ഉള്ളില്‍ കലഹം ശക്തമാവും. പാര്‍ട്ടി പ്രതിപക്ഷത്തായതോടെ കൂടുതല്‍ മുതിര്‍ന്ന നേതാക്കളെയും കെ.പി.സി.സി ഭാരവാഹികളാക്കേണ്ട സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം കേരളത്തില്‍ നടപ്പാക്കാനാവില്ലെന്ന നിലപാടിലാണ് എ,ഐ ഗ്രൂപ്പുകള്‍. വി.എം സുധീര പക്ഷവും ഇതിനെ അനുകൂലിക്കുന്നു.
റിട്ടേണിങ് ഓഫിസര്‍ സുദര്‍ശന്‍ നാച്ചിയപ്പന്‍ 26ന് കേരളത്തില്‍ എത്തുന്നുണ്ട്. ജംബോ കമ്മിറ്റികള്‍ ഇല്ലാതാക്കാനുള്ള ഹൈക്കമാന്‍ഡ് നിര്‍ദേശത്തിലുള്ള തങ്ങളുടെ എതിര്‍പ്പ് സുദര്‍ശന്‍ നാച്ചിയപ്പനെ നേരിട്ട് അറിയിക്കാനുള്ള ഒരുക്കത്തിലാണ് എ,ഐ ഗ്രൂപ്പുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."